തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എ സര്‍ക്കാരിന് നല്കിയ പരാതിയില്‍ അന്വേഷണം നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍. തന്റെ ശ്രദ്ധയില്‍ പരാതി വന്നിട്ടില്ല, ആവശ്യമായ എല്ലാ കാര്യങ്ങളും എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും.
ആര്‍ക്കെതിരെ ആരോപണം വന്നാലും വസ്തുതയുണ്ടെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരോ എല്‍ഡിഎഫോ സ്വീകരിക്കില്ല. പാര്‍ട്ടി എന്ന നിലയിലുള്ള നിലപാട് സിപിഐക്ക് സ്വീകരിക്കാം. എല്ലാത്തിനും ഉള്ള മറുപടി കണ്‍വീനര്‍ പറയണമെന്നില്ല. പാര്‍ട്ടികളുടെ അഭിപ്രായം എല്‍ഡിഎഫ് ചര്‍ച്ചചെയ്യുമെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു. എഡിജിപിക്കെതിരായ അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്നാണ് കരുതുന്നതെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു.
ജനങ്ങള്‍ക്ക് നല്കുന്ന എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയാണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത്. അദ്ദേഹത്തിന്റെ നിലപാടില്‍ സംശയിക്കേണ്ടതില്ലെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു. തൃശൂര്‍ പൂരം സംബന്ധിച്ച പരാതി സര്‍ക്കാരിന് മുന്നിലുണ്ട്. അത് സംബന്ധിച്ചും ഉചിതമായ തീരുമാനം സര്‍ക്കാരെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.