പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന് ഇടപെട്ടെന്ന് ആരോപണം. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടു. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്. എന്‍.സി.പി നേതാവ് ജി. പത്മാകരനെതിരായ പരാതിയിലാണ് ഇടപെടല്‍.
എ.കെ ശശീന്ദ്രനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരാതിക്കാരിയുടെ പിതാവിന് മന്ത്രിയുടെ ഫോണ്‍ കോള്‍ എത്തിയത്. മന്ത്രി എ.കെ ശശീന്ദ്രനാണോ എന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുന്നു. ഇതിന് ശേഷമാണ് അവിടെ പാര്‍ട്ടിയില്‍ ഒരു പ്രശ്നമുണ്ടെന്ന് മന്ത്രി പറയുന്നത്. ഇവിടെ പാര്‍ട്ടിയില്‍ പ്രശ്നമൊന്നുമില്ലെന്നും മന്ത്രി പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും പിതാവ് പറയുന്നു. നേരിട്ട് കാണാമെന്ന് മന്ത്രി പറയുന്നുണ്ട്.
തന്റെ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസാണ് മന്ത്രി തീര്‍പ്പാക്കാന്‍ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് പറയുമ്പോള്‍ നല്ല രീതിയില്‍ തീര്‍ക്കണമെന്ന് ശശീന്ദ്രന് പറയുന്നുണ്ട്. നല്ല രീതിയില്‍ എന്നു പറഞ്ഞാല്‍ അതെങ്ങനെയാണെന്ന് പിതാവ് ചോദിക്കുന്നു. ഇതിന് കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറുകയാണ്. സംഭവം വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.