തൊടുപുഴ: മെഡിക്കല്‍ കോളേജിനെ ചൂണ്ടിക്കാട്ടി എം.പി സെല്‍ഫ് ഗോളടിക്കുകയാണന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഇടുക്കി മെഡിക്കല്‍ കോളേജിന് അനുമതി നിഷേധിക്കപ്പെട്ടത് 2013 നവമ്പറിലെ ഉത്തരവിന്റെ അടിസ്ഥാലത്തിലാണെന്ന് തെളിയിക്കാന്‍ ജോയ്സ് ജോര്‍ജ് എം.പിയെ വെല്ലുവിളിച്ചു.
ഒരിക്കലും നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാത്ത മെഡിക്കല്‍ കോളജ് കെട്ടിടത്തെ ചൂണ്ടിക്കാട്ടി സെല്‍ഫ് ഗോളടിക്കുകയാണ് എം.പി. മെഡിക്കല്‍ കോളേജ് അഡ്മിഷന് അട്ടിമറിച്ചത് ഇടതു മുന്നണി സര്‍ക്കാരാണ്. അത് സ്വകാര്യ മെഡിക്കല്‍ ലോബിയുടെ കൈയ്യില്‍ നിന്നും പണംപറ്റിയുമാണ്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ട 1.55 കോടി രൂപയുടെ ആശുപത്രി കെട്ടിടവും, 10 കോടി രൂപയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും,55 കോടി രൂപയുടെ മെഡിക്കല്‍ കോളേജ് ബ്ലോക്കും നിര്‍മ്മാണ പ്രവര്‍ത്തിയുടെ അവസാന ഘട്ടത്തിലാണ്.104 കോടി രൂപയുടെ ഹോസ്റ്റല്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനം അടുത്ത നാളിലാണ് നടത്തിയത്.മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണത്തിന് ഒരിക്കല്‍ പോലും ഒരു അനുമതിയും നിഷേധിച്ചിട്ടില്ല. ഇടതു സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ ലോബിയുടെ കൈയ്യില്‍ നിന്നും കോഴ വാങ്ങി അവിടെ പഠിച്ചിരുന്ന കുട്ടികളെ ആട്ടിയിറക്കി അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കസ്തൂരി രംഗന് ശുപാര്‍ശകളില്‍ ഇ.എസ്.എ പ്രദേശങ്ങളായി നിര്‍വചിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നും, കൃഷിസ്ഥലങ്ങളെയും, ജനവാസ കേന്ദ്രങ്ങളെയും, തോട്ടം മേഘലയും വേര്‍തിരിച്ച്, അത്തരം പ്രദേശങ്ങളില്‍ നിര്‍മ്മാണ നിരോധനമുണ്ടാകാതെ, കരടു വിജ്ഞാപനമിറക്കി പൂര്‍ണ്ണമായും സംരക്ഷിച്ചതാണ്. കരടു വിജ്ഞാപനമനുസരിച്ചുള്ള നോണ്‍ ഇ.എസ്.എ പ്രദേശങ്ങളില്‍ ഒരിക്കലും നിര്‍മ്മാണ നിരോധനമുണ്ടായിട്ടില്ല.ഇക്കാര്യത്തില്‍ പല കോടതി ഉത്തരവുകളും അത് അംഗീകരിച്ചിട്ടുമുള്ളതാണ്. ഇപ്പോള്‍ അന്തിമ വിജ്ഞാപനമിറക്കേണ്ട സമയത്ത് അതിന് കഴിയാതെ, രാഷ്ട്രീയ ദുരുദ്ദേശത്തിന്റെ പേരില്‍ യുഡിഎഫ സര്‍ക്കാര്‍ നല്കിയ ഭേദഗതികള്‍ മാറ്റി, പല പല റിപ്പോര്‍ട്ടുകള്‍ മാറി മാറി നല്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. പിണറായി വിജയന് മുഖ്യമന്ത്രിയായതിന് ശേഷമാണ് മലയോര മേഖലയില്‍ പാവപ്പെട്ട ആളുകള്‍ക്കു പോലും വീടുവയ്ക്കാനുള്ള അനുമതി നിഷേധിക്കപ്പെടുന്നത്. കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ പോലും മുറിക്കാന്‍ പൂര്‍ണ്ണമായും അനുമതി നിഷേധിച്ചതും ഇക്കാലഘട്ടത്തിലാണ്.
വസ്തുതയിതായിരിക്കെ കസ്തൂരി രംഗന് വിഷയത്തിലുള്‍പ്പടെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത എം.പി സ്വയം പരാജയം തുറന്നു സമ്മതിക്കുകയാണ് വേണ്ടതെന്നും ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.