കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍ മോഹനനെ തിരഞ്ഞെടുത്തു. എറണാകുളം ജില്ലാകമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണിത്. സംസ്ഥാന കമ്മിറ്റി അംഗവും ജിസിഡിഎ ചെയര്‍മാനുമാണ് സി.എന്‍ മോഹനന്
യുവജന രംഗങ്ങളിലൂടെയാണ് സി എന്‍ മോഹനന് പൊതുരംഗത്ത് ശ്രദ്ധേയനായത്. 1994 മുതല്‍ 2000 വരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി. ’92-93ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ ഡല്‍ഹി സെന്ററിലും പ്രവര്‍ത്തിച്ചു. 2000-2005ല്‍ സിപിഐ എം കോലഞ്ചേരി ഏരിയാസെക്രട്ടറിയായി. 2012ല്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പതിനൊന്നുവര്‍ഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. 2016 ഡിസംബര്‍ മുതല്‍ ജിസിഡിഎ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍നിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവുമെടുത്തു. കുറച്ചുകാലം അഭിഭാഷകനായും പ്രവര്‍ത്തിച്ചു. പൂതൃക്ക പഞ്ചായത്തിലെ ചാപ്പുരയില്‍ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ്. വടവുകോട് ഫാര്‍മേഴ്സ് ബാങ്ക് ജീവനക്കാരി കെ എസ് വനജയാണ് ഭാര്യ. ചാന്ദ്നി സി, വന്ദന എന്നിവര്‍ മക്കള്‍. പുത്തന്‍കുരിശ് ലക്ഷ്മിനാരായണ ഭവനിലാണ് താമസം.