കണ്ണൂര്‍ : തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രം പുറത്ത്. ബിഷപ്പുമായി കഴിഞ്ഞ ചൊവ്വാഴ്ച കൂടിക്കാഴ്ച നടന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് സ്ഥിരീകരിച്ചു. കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു റബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ എംപിമാരില്ലാത്ത വിഷമം മലയോര കര്‍ഷകര്‍ മാറ്റിത്തരും എന്ന ബിഷപ്പിന്റെ വിവാദ പ്രസ്താവന. റബ്ബറിന്റെ വിലയിടിവ് സംബന്ധിച്ച ആകാംഷ കൂടിക്കാഴ്ചയില്‍ ബിഷപ്പ് പങ്കുവെച്ചതായും ഹരിദാസ് പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസും സിപിഎമ്മും രൂക്ഷമായാണ് പ്രതികരിച്ചത്.