തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വേണ്ട നടപടി കൈക്കൊള്ളുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടി എടുക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. ശബരമല മതപരമായ വിഷയമാണ്.
ദൈവത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് നേടാന്‍ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. അതിനാല്‍ അയ്യപ്പന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് നേടാന്‍ ശ്രമിക്കരുതെന്നും ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ഡി.സി.സി പ്രസിദ്ധീകരിച്ച പോസ്റ്ററിലാണ് ശശി തരൂരിന്റെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്. എഴുത്തുകാരന്, ചിന്തകന്‍, പ്രഭാഷകന്‍, നയതന്ത്രജ്ഞന്, രാഷ്ട്രതന്ത്രജ്ഞന് എന്ന വിശേഷണവും പോസ്റ്ററിലുണ്ട്. വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകത്തിന്റെ പുറംചട്ടയില്‍ ഗണപതിയുമുണ്ട്.