ന്യൂഡല്‍ഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു കനത്ത തിരിച്ചടി. എഎപി സ്ഥാനാർഥി കുല്‍ദീപ് കുമാറിനെ വിജയിയായി സുപ്രീം കോടതി പ്രഖ്യാപിച്ചു.
ബിജെപി സ്ഥാനാർഥി ജയിച്ചെന്ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ അസാധുവാക്കിയ എട്ട് വോട്ട് സാധുവായി കണ്ടെത്തിയ സുപ്രീംകോടതി അതുകൂടി എണ്ണാന്‍ ആവശ്യപ്പെടുകയായിരുന്നു.12നെതിരെ 16 വോട്ടുകള്‍ക്കായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി കുല്‍ദീപ് കുമാറിന്റെ ജയം.
മേയർ തെരഞ്ഞെടുപ്പിലെ എട്ട് വോട്ടുകള്‍ അസാധുവാണെന്ന് വരണാധികാരി അനില്‍ മസീഹ് പ്രഖ്യാപിച്ചിരുന്നു. ഈ എട്ട് വോട്ടുകളും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചു. തുടർന്ന് എട്ട് വോട്ടുകളും സാധുവാണെന്ന് കോടതി വ്യക്തമാക്കി.
സുപ്രീം കോടതി സാധുവാണെന്ന് വിധിച്ച എട്ടു വോട്ടുകളും എഎപി- കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ചതോടെ കുല്‍ദീപ് കുമാർ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.