തിരുവനന്തപുരം: എഡിജിപി എം ആര് കുമാറിനെ മാറ്റണമെന്ന് സിപിഐ. ജനകീയ സര്‍ക്കാരിന്റെ ജനപക്ഷ നിലപാടിനെ മനസിലാക്കാത്ത അജിത് കുമാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു. അത്തരത്തിലുള്ള അവസ്ഥയാണ് എം ആര് അജിത് കുമാര്‍ വരുത്തിവെച്ചതെന്നും ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പ്രകാശ് ബാബു പറയുന്നു.
ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണമെന്ന് പ്രകാശ് ബാബു പറഞ്ഞു. കൂടിക്കാഴ്ച ഔദ്യോഗികമോ വ്യക്തിപരമോ എന്നാണ് സിപിഐ ഉയര്‍ത്തുന്ന ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്കുണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു. കുറഞ്ഞപക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും കാര്യങ്ങള്‍ അറിയിക്കേണ്ടതാണ്. അതിന് അജിത് കുമാര്‍ തയ്യാറായില്ലെങ്കില്‍ സ്ഥാനത്തു നിന്ന് മാറ്റുകയാണ് വേണ്ടതെന്നും പ്രകാശ് ബാബു പറഞ്ഞു.
പ്രകാശ് ബാബുവിന്റെ ലേഖനത്തെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും രംഗത്തെത്തി. പ്രകാശ് ബാബു പറഞ്ഞതില്‍ തെറ്റില്ലെന്നും എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്തിനാണെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു.