തിരുവനന്തപുരം: അരനൂറ്റാണ്ടായി തന്റെ രാഷ്ട്രീയ നീക്കങ്ങളുടെയെല്ലാം തട്ടകമായിരുന്നു അനന്തപുരിയിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര തുടങ്ങി. ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴി നൽകാൻ ഹൃദയവേദനയോടെ തലസ്ഥാനത്ത് എത്തി ചേർന്നത് പതിനായിരങ്ങളാണ്. നിലവിലെ ക്രമീകരണങ്ങൾ അനുസരിച്ച് വൈകിട്ട് അഞ്ചോടെ വിലാപയാത്ര കോട്ടയത്തെത്തുമെന്നാണ് പ്രതീക്ഷ.
വിലാപയാത്ര കടന്നുവരുന്ന വഴികളിലെ തിരക്ക് ചിട്ടപ്പെടുത്തിയ സമയ ക്രമീകരണങ്ങളെ പാടെ മാറ്റിമറിക്കും. കാലാവസ്ഥയെ പോലും അവഗണിച്ചാണ് കുഞ്ഞുകുഞ്ഞിനെ ഒരു നോക്ക് കാണാനായി പുലർച്ചെ മുതൽ കവലകൾ തോറും ആളുകൾ കാത്ത് നിൽക്കുന്നത്.
പതിറ്റാണ്ടുകൾ തന്റെ കർമ്മ മണ്ഡലമായിരുന്ന തലസ്ഥാനത്തേക്ക് ഇനി ഒരിക്കൽ കൂടി ആ ജനനായകൻ മടങ്ങി വരില്ല.
പ്രത്യേക വിമാനത്തിൽ ഇന്നലെ
ഉച്ചയ്ക്ക് 2.30 ഓടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. കുടുംബവും അടുത്ത നേതാക്കളുമാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.
രാവിലെ ഏഴരയോടെ കോട്ടയത്തേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപ യാത്ര പുറപ്പെട്ടു. കേശവദാസപുരം, വെഞ്ഞാറമ്മൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനമുണ്ടായിരിക്കും. ജൂലൈ 20ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്കാരം.