പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതില്‍ അന്വേഷണം നടത്തില്ലെന്ന് നോര്‍ക്ക വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്. അനിതയ്ക്ക് ക്ഷണമില്ലായിരുന്നെന്നും ഓപ്പണ്‍ ഫോറത്തിലായിരിക്കും അനിത പങ്കെടുത്തതെന്നും പി ശ്രീരാമകൃഷ്ണന് പറഞ്ഞു.
നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലാത്ത സ്ഥിതിക്കും ലോക കേരള സഭയില്‍ പങ്കെടുക്കാത്ത സ്ഥിതിക്കും അന്വേഷണം ആവശ്യമില്ലെന്ന് ശ്രീരാമകൃഷ്ണന് വ്യക്തമാക്കി.
ലോക കേരള സഭ അതിഥികളായി പങ്കെടുക്കേണ്ട വ്യക്തിത്വങ്ങളെ നേരത്തെ തന്നെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഈ പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്നാണ് നോര്‍ക്ക നല്കുന്ന വിശദീകരണം. ഇറ്റലിയില്‍ നിന്നുള്ള പ്രവാസിയായ അനിത മുന്‍പ് ലോക കേരള സഭയില്‍ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്.
സമ്മേളനത്തിന്റെ ആദ്യ ദിവസമായ വെള്ളിയും സമാപന ദിവസമായ ഇന്നലെയും നിയമസഭയില്‍ ചുറ്റിക്കറങ്ങിയിരുന്നു. സഭ ടിവിയുടെ ഓഫീസ് മുറിയില്‍ പ്രവേശിച്ച അനിതയെ മാധ്യമങ്ങള്‍ വളഞ്ഞതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ പുറത്തേക്ക് മാറ്റി. പുറത്താക്കിയത് സംബന്ധിച്ച് പിന്നീട് പ്രതികരിക്കാമെന്ന് അനിത മാധ്യമങ്ങളോട് വ്യക്തമാക്കി.