ആര് ബാലകൃഷ്പിള്ളയുടെ വില്പത്ര വിവാദത്തില്‍ കെബി ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്. വില്പത്രം അച്ഛന്റെ സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണ്. മരണ ശേഷം അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഃഖമുണ്ടെന്നും ബിന്ദു പറഞ്ഞു. വില്‍പത്രവുമായി ബന്ധപ്പെട്ട പരാതിയുമായി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെ കണ്ടിരുന്നു.
‘അച്ഛന് മരിച്ചിട്ട് അധിക ദിവസമായില്ല. അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ വിഷമമുണ്ട്. വില്പത്രം സ്വന്തം ഇഷ്ടപ്രകാരം അച്ഛന് മാസങ്ങള്‍ക്ക് മുമ്പേ എഴുതിയതാണ്. ആരെടെയും കൈകടത്തലോ ഗണേഷിന്റെ ഇടപെടലോ ഇല്ല. മരിക്കുന്നതിന് ഒരു ദിവസം മുന്നേ മാത്രമേ അച്ഛന് ഓര്മ്മക്കുറവുണ്ടായിരുന്നുള്ളൂ. അല്ലാതെ നല്ല ഓര്‍മ്മയുണ്ടായിരുന്നു. ഓര്മ്മയോടഴ കൂടി അച്ഛന് പറഞ്ഞു കൊടുത്ത് എഴുതിച്ചതാണ്. പക്ഷെ അച്ഛന് മരിച്ച ശേഷമേ വില്പത്രം പുറത്തെടുത്തുള്ളൂ. എനിക്ക് അച്ഛന് തന്നതില്‍ സംതൃപ്തിയാണ്. അച്ഛന് അങ്ങനെ ആരും പറഞ്ഞാല്‍ കേള്‍ക്കുന്ന ആളല്ല. സ്വന്തം ഇഷ്ടപ്രകാരമേ ചെയ്യൂ. ആര്‍ക്കും ഇടപെടാന്‍ പറ്റില്ല,’ ബിന്ദു ബാലകൃഷ്ണന് പറഞ്ഞു. നിലവിലെ സംഭവങ്ങളില്‍ ഗണേഷ് കുമാറും വിഷമത്തിലാണെന്നും ബിന്ദു പറഞ്ഞു.
കെബി ഗണേഷ് കുമാറിനെതിരെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് ഉയര്‍ത്തിയ ആരോപണത്തിലാണ് വിശദീകരണവുമായി ഇളയ സഹോദരി രംഗത്തെത്തിയിരിക്കുന്നത്. ആര് ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതികളുമായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ കണ്ടത്. രേഖകളില്‍ ഗണേഷ് കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. ഇതേകാര്യം ഉഷ കോടിയേരി ബാലകൃഷ്ണന് മുന്നിലും അവതരിപ്പിച്ചിട്ടുണ്ട്.
ഉഷ മോഹന്‍ദാസ് ഗണേഷിനെതിരെ മുഖ്യമന്ത്രിയെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിന് ആദ്യടേമിലേക്ക് പരിഗണിക്കാത്തത് എന്ന സൂചന നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തല്‍. അതേസമയം പരാതിയെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്ത ഗണേഷ് കുമാര്‍ രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്ക് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നാണ് പറഞ്ഞത്.
മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ഗണേഷിന് മന്ത്രി സ്ഥാനം നഷ്ടമായത്. മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള തര്‍ക്കങ്ങളാണ് അന്ന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്.