ദില്ലി: ഏഴ് ഘട്ടങ്ങള്‍ നീണ്ട വോട്ടെടുപ്പ്. 68 ദിവസം നീണ്ട പ്രചാരണം. രണ്ട് മാസത്തിലധികം നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആകെ നടത്തിയത് 144 റാലികള്‍. പ്രധാന എതിരാളിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി 124 റാലികളിലും റോഡ്ഷോകളിലും പങ്കെടുത്തു. ബംഗാളിലും ഒഡീഷയിലുമാണ് ബിജെപി ഇത്തവണ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി 18 റാലികളില്‍ പങ്കെടുത്തു. അതായത് 4.5 സീറ്റുകള്‍ക്ക് ഒരു റാലി വീതം. അതേസമയം, ഉത്തര്‍പ്രദേശില്‍ മോദി സംസാരിച്ചത് 36 റാലികളിലാണ്. അതായത് 2.3 സീറ്റുകള്‍ക്ക് ഒരു റാലി വീതം. 25 സീറ്റുള്ള രാജസ്ഥാനില്‍ 12 ഉം മധ്യപ്രദേശില്‍ 29 സീറ്റുള്ള മധ്യപ്രദേശില്‍ 11 ഉം റാലികളില്‍ രാഹുല്‍ പങ്കെടുത്തു. രാഹുല്‍ ലക്ഷ്യവെക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം ലോക്സഭയിലും ആവര്‍ത്തിക്കുകയെന്നതാണ്. ദക്ഷിണേന്ത്യയില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ മാത്രം 12 റാലികള്‍ക്ക് രാഹുലിനെ എത്തിച്ചു.