ഇടതുപക്ഷം രാജ്യസഭാ സീറ്റ് നിഷേധിച്ചതോടെ ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റുകള്‍ തിരുത്തി തിരിച്ചു വന്നാല്‍ സ്വീകരിക്കാം എന്നായിരുന്നു വീക്ഷണത്തിന്റെ മുഖ പ്രസംഗം. കോണ്‍ഗ്രസിനെ ചതിച്ച ചെറിയാനെ സി.പി.എം ചതിച്ചുവെന്നും തിരിച്ചു വരികയാണെങ്കില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അദ്ദേഹത്തെ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് മുഖപത്രം വ്യക്തമാക്കി.
ആദ്യകാലത്ത് കോണ്‍ഗ്രസിലായിരിക്കെ എ.കെ ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയും വിശ്വസ്തരില്‍ ഒരാളായിരുന്ന ചെറിയാന് ഫിലിപ്പ് പിന്നീട് കോണ്‍ഗ്രസ് വിട്ട് ഇടത് പാളയത്തിലെത്തുകയായിരുന്നു. വിമതരെ സ്വീകരിക്കുന്നതില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാന് ഫിലിപ്പെന്നും രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് രണ്ട് വട്ടം വഞ്ചിച്ചെന്നും വീക്ഷണം മുഖ പ്രസംഗത്തില്‍ ആരോപിച്ചു.
ഇത്തവണ രാജ്യസഭയിലേക്ക് ചെറിയാന് ഫിലിപ്പിന്റെ പേരായിരുന്നു സി.പി.എം ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജ്യസഭയിലേക്കുള്ള സി.പി.എം പ്രതിനിധികളെ പ്രഖ്യാപിച്ചപ്പോള്‍ ചെറിയാന് ഫിലിപ്പിന്റെ പേരുണ്ടായിരുന്നില്ല.
ഇതിന് പിന്നാലെയാണ് ചെറിയാന് ഫിലിപ്പ് പുതിയ പുസ്തകം എഴുതാന്‍ പോകുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വരുന്നത്. ചരിത്ര ഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പുസ്തകത്തിലൂടെ പ്രതിപാദിക്കുമെന്നും ചെറിയാന് ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.