കൊച്ചി: ഇബ്രാഹിം കുഞ്ഞ് അഹമ്മദ് കബീര്‍ അനുകൂലികള്‍ ചേരിതിരിഞ്ഞെത്തിയതോടെ കൗണ്‍സില്‍ അംഗങ്ങളുടെ തര്‍ക്കം കയ്യാങ്കളിയിലെത്തി. ഇതോടെ എറണാകുളം ജില്ലാ മുസ്ലിം ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും തുടര്‍ന്നതോടെ ഭാരവാഹികളെ തിരഞ്ഞെടുക്കാനാകാതെ യോഗം പിരിഞ്ഞു.
എറണാകുളം പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസില്‍ നടന്ന ലീഗ് ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കാനായി വിളിച്ചുചേര്‍ത്ത യോഗമാണ് അലങ്കോലപ്പെട്ടത്.
കൗണ്‍സില്‍ അംഗങ്ങളല്ലാത്തവര്‍ യോഗത്തില്‍ പങ്കെടുത്തതാണ് തര്‍ക്കത്തിന് കാരണമായതെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. സംഭവത്തില്‍ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാന ഭാരവാഹികളായ അഹമ്മദ് കുട്ടി ഉണ്ണികുളം, സി എച്ച് റഷീദ് എന്നിവരാണ് തിരഞ്ഞെടുപ്പിന് സംസ്ഥാന കമ്മിറ്റിയുടെ നിരീക്ഷകരായി എത്തിയത്. വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്നത്. സമവായ നീക്കം പരാജയപ്പെട്ടതോടെ കൗണ്‍സില്‍ അഞ്ച് മണിക്കാണ് തുടങ്ങാന്‍ കഴിഞ്ഞത്. ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഇരുപക്ഷവും തമ്മില്‍ തര്‍ക്കം തുടങ്ങി.
വര്‍ഷങ്ങളായി ജില്ലാ ഭാരവാഹികളെ നിശ്ചയിക്കുന്നത് സമവായത്തിലൂടെയാണ്. ഇക്കുറി അതിനായില്ല. മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ വി.ഇ. അബ്ദുല്‍ഗഫൂറിനെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യം കബീര്‍ പക്ഷം നിരാകരിച്ചതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ നടന്ന വാക്ക്പോര് സംഘര്‍ഷത്തിലെത്തുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ യോഗം പിരിച്ചുവിടുകയായിരുന്നു.
എറണാകുളത്ത് വി കെ ഇബ്രാഹിം കുഞ്ഞിന്റെയും ടി എ അഹമ്മദ് കബീറിന്റെയും നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകള്‍ ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പാണക്കാട് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ലീഗിന്റെ സിറ്റിംഗ് സീറ്റായ കളമശ്ശേരി മണ്ഡലം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടാനിടയാക്കിയതും ഈ ഗ്രൂപ്പ് തര്‍ക്കമാണെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് ഇന്നലെ ജില്ലാ കൌണ്സിലില് നടന്ന സംഘര്‍ഷം.
അതേസമയം മുന്കൊല്ലങ്ങളിലെപോലെ ഭാരവാഹികളെ സംസ്ഥാനനേതൃത്വം
സമവായത്തിലൂടെ കണ്ടെത്തി പ്രഖ്യാപിക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. ദ്വിദിന സമ്മേളനം പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം പി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുല്‍മജീദ് അധ്യക്ഷനായിരുന്നു.