മൂവാറ്റുപുഴ നഗരസഭയിലെ അന്യായ വാടകവര്ദ്ധനക്കെതിരെ പതിഷേധം ശക്തമാക്കി പ്രതിപക്ഷം. നഗരസഭാ കെട്ടിടങ്ങളിലെ കച്ചവടക്കാരെയും മറ്റു സ്ഥാപനങ്ങള്‍ നടത്തുന്നവരെയും പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. ഇത്തരം ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചു യുഡിഎഫ് ഭരണ സമിതി വ്യാപാരികളോടുള്ള ക്രൂരമായ നിലപാടുകള്‍ അവസാനിപ്പിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. വാടക വര്‍ദ്ധന സംബന്ധിച്ച് ഒരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായി വാടക വര്‍ദ്ധന തീരുമാനം അടിച്ചേല്‍പ്പിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാടക വര്‍ദ്ധനക്ക് നിര്‍ദ്ധേശം നല്കാന് ഡിസിസി പ്രസിഡന്റാരാണെന്ന് പ്രതിപക്ഷ നേതാവ് ആര്.രാകേഷ് ചോദിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്ന് പരസ്യമായി കച്ചവടക്കാരെ സാക്ഷി നിര്‍ത്തി കൗണ്‍സിലില്‍ പറയേണ്ടിവന്ന ചെയര്മാന് മൂവാറ്റുപുഴ നഗരസഭക്ക് അപമാനമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
എല്‍ഡിഎഫ് പ്രസ്ഥാവന ഇങ്ങനെ:
മൂവാറ്റുപുഴ നഗരസഭയുടെ കെട്ടിടങ്ങളായ പേവാര്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ്, വെജിറ്റബിള്‍ മാര്‍ക്കറ്റ്, കച്ചേരിത്താഴം കോംപ്ലക്സ്, ടൗണ്‍ ഹാള്‍ കരാട്ടെ ക്ലാസ്സ്, പാലം കോംപ്ലക്സ്, KSRTC ക്ക് എതിര്‍വശത്തുള്ള വിനായക ബേക്കറി കെട്ടിടം, ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ്, സ്റ്റേഡിയം കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോര്‍ 1 മുതല്‍ 16 വരെയുള്ള റൂമുകള്‍, KSRTC ജംഗ്ഷന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഒന്നാം നിലയിലെ 8 മുറികള്‍ എന്നിവയില്‍ വാടക PWD റേറ്റ് പ്രാവര്‍ത്തികമാക്കാന്‍ നഗരസഭ തീരുമാനിച്ചിരിക്കുന്നു.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ലൈബ്രറി കോംപ്ലക്സ്ന്റെ 1 മുതല്‍ 21 വരെയുള്ള റൂമുകളുടെയും, കച്ചേരിത്താഴം സ്റ്റാള്‍ 1 മുതല്‍ 11 വരെയുള്ള സ്റ്റാളുകളുടേക്കും പ്രസ്സ് ക്ലബ് ബില്‍ഡിങ്ങിന്റെ 1 മുതല്‍ 13 വരെയുള്ള റൂമുകളുടെയും ഇതേ ബില്‍ഡിങ്ങിന്റെ രണ്ടാം നിലയുടെയും മൂന്നാം നിലയുടെയും കൊച്ചങ്ങാടി കോംപ്ലക്സിലെ മൂന്നു റൂമുകളുടെയും തീക്കൊള്ളിപ്പാറ കമ്മ്യൂണിറ്റി ഹാളിന്റെയും ഷീ ലോഡ്ജ്, ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടങ്ങള്‍, മൃഗാശുപത്രിക്കും ക്രിമിറ്റോറിയത്തിനും ഇടയിലുള്ള സ്ഥലം, അര്‍ബന്‍ ഹാറ്റ് കെട്ടിടങ്ങള്‍,എന്നിവയുടെ വാടക PWD റേറ്റ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വിയോജനം രേഖപ്പെടുത്തുയിട്ടുള്ളതാണ്.
അതിനുശേഷം വ്യാപാര വ്യവസായ സമിതി,വ്യാപാര വ്യവസായ ഏകോപന സമിതി തുടങ്ങിയ സംഘടനകളുടെയും പൊതു പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിരുന്നു.ഈ പ്രതിഷേധങ്ങളെ ഒന്നും കണ്ടില്ലെന്ന് നടിച്ചു കൊണ്ടാണ് മൂവാറ്റുപുഴ നഗരസഭയുടെ ഭരണാധികാരികള്‍ PWD റേറ്റ് നിശ്ചയിച്ച് കൊണ്ട് മുന്നോട്ടു പോകുന്നത്. നഗരസഭാ കെട്ടിടങ്ങളുടെ വാടക വര്‍ദ്ധിക്കുമ്പോള്‍ സ്വാഭാവികമായും സ്വകാര്യവ്യക്തികളുടെ റൂമുകള്‍ക്ക് വാടക വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടാകും. അതുവഴി ഒട്ടേറെ കച്ചവടക്കാര്‍ക്കും പുതു സംരംഭകരായവര്ക്കും സ്വന്തം തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്ന നിലയിലേക്ക് മാറുന്നു. കച്ചവടക്കാരെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളി വിടുന്ന ഇത്തരം ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ തിരുത്തപ്പെടേണ്ടതാണ്. അമിത വാടക അടിച്ചേല്‍പ്പിക്കുന്ന നഗരസഭ അധികാരികള്‍ കച്ചവടക്കാരോട് നീതിയുക്തമല്ലാതെ പെരുമാറുകയാണ്.
ഇന്ന് കൗണ്‍സില്‍ യോഗത്തില്‍ വാടക വര്‍ധനയുമായി ബന്ധപ്പെട്ട PWD റേറ്റ് നിശ്ചയിക്കുന്ന അജണ്ട മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായം പോലും മാനിക്കാതെ PWD അജണ്ട അംഗീകരിക്കണമെന്ന ധാര്‍ഷ്ട്യ നിലപാട് സ്വീകരിച്ച ചെയര്മാന് അജണ്ട വോട്ടിങ്ങിനിടുന്ന സമീപനമാണ് സ്വീകരിച്ചത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് പരസ്യമായി കച്ചവടക്കാരെ സാക്ഷി നിര്‍ത്തി കൗണ്‍സിലര്‍മാരുടെ മുന്നില്‍ വെച്ച് കൗണ്‍സിലില്‍ പറയേണ്ടിവന്ന ചെയര്മാന് മൂവാറ്റുപുഴ നഗരസഭക്ക് അപമാനമാണ്.
ഈ തീരുമാനം നഗരസഭാ കെട്ടിടങ്ങളിലെ കച്ചവടക്കാരെയും മറ്റു സ്ഥാപനങ്ങള്‍ നടത്തുന്നവരെയും പ്രതിസന്ധിയിലാക്കുന്നതാണ്. ഇത്തരം ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചു യുഡിഎഫ് ഭരണ സമിതി വ്യാപാരികളോടുള്ള ക്രൂരമായ നിലപാടുകള്‍ അവസാനിപ്പിക്കണം. പ്രതിപക്ഷത്തെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നാളുകളായി ഈ നിലപാടില്‍ എതിര്‍പ്പ് അറിയിച്ചിട്ടുള്ളതാണ്. ഇതുസംബന്ധിച്ച് ഒരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായി വാടക വര്‍ദ്ധന തീരുമാനം അടിച്ചേല്‍പ്പിക്കുന്ന നിലപാടില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിക്കുന്നു. വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച PWD നിരക്ക് പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.
ആര് രാകേഷ്
സെക്രട്ടറി
LDF പാര്‍ലമെന്ററി പാര്‍ട്ടി