കണ്ണൂര്‍: പോക്സോ കേസില്‍ അതിജീവിത നല്കിയ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് എങ്ങനെ അറിഞ്ഞുവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്. തന്നെ പ്രതിയാക്കുന്നതിന് പിന്നില്‍ സി.പി.എം. ആണെന്നും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ഈ പറയുന്ന ചെറുപ്പക്കാരുമായി അഭേദ്യമായ ബന്ധമുണ്ടെന്നും സുധാകരന് ആരോപിച്ചു. മോന്സന് മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരന് സ്ഥലത്തുണ്ടായിരുന്നു എന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരന് പറഞ്ഞത്
പോക്സോ കേസില്‍ അതിജീവിത രഹസ്യ മൊഴിയാണ് കൊടുത്തത്. ആ രഹസ്യമൊഴി ഗോവിന്ദന് മാഷ് എങ്ങനെയറിഞ്ഞു? അതിജീവിതയായ കുട്ടി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടില്ല എന്നാണ് പോക്സോ കേസ് നടത്തിയ അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞത്. ആര് പറഞ്ഞതാണ് വിശ്വസിക്കേണ്ടത്? പരാതി കൊടുത്തവരില്‍ ആര്‍ക്കും താനുമായി നേരിട്ട് ബന്ധമില്ല. കണ്ട് പരിചയം പോലുമില്ല. തന്നെ കേസില്‍ പ്രതിയാക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന വികാരം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു.
പിന്നില്‍ സി.പി.എമ്മാണ്. സി.പി.എമ്മിന്റെ സ്വാധീനമാണ്. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ഈ പറയുന്ന ചെറുപ്പക്കാരുമായി അഭേദ്യമായ ബന്ധമാണ്. ഒരു തെളിവ് തനിക്കെതിരെ ചൂണ്ടിക്കാണിക്കാനുണ്ടെങ്കില്‍ തന്റെ പൊതുജീവിതം അവസാനിപ്പിക്കുമെന്ന വാക്ക് വീണ്ടും ആവര്‍ത്തിക്കുന്നു. മനസാ വാചാ കര്‍മണാ ഈ സംഭവത്തില്‍ പങ്കില്ല’- സുധാകരന് കൂട്ടിച്ചേര്‍ത്തു.
‘സാമ്പത്തികമായോ സാന്നിധ്യംകൊണ്ടോ ഒരു പങ്കാളിത്തവുമില്ല. സുധാകരന് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോന്സണ് തന്നെ പറഞ്ഞു. മൊഴി കൊടുത്ത പെണ്‍കുട്ടിയും തന്റെ പേര് പറഞ്ഞിട്ടില്ല. പരാമര്‍ശിച്ചു എന്നൊക്കെ പറയുന്നത് സി.പി.എമ്മിന്റെ പ്രചാരണ തന്ത്രമാണ്, പിന്നില്‍ രാഷ്ട്രീയമാണ്. എന്ത് നാണംകെട്ട നെറികെട്ട പ്രവര്‍ത്തി ചെയ്യാനും സി.പി.എം. തയ്യാറാകുമെന്ന് ഗോവിന്ദന് മാസ്റ്ററുടെ പ്രസ്താവനയോടെ വ്യക്തമാണ്. സി.പി.എം. സംസ്ഥാന സെക്രട്ടറിയോട് പറയാനുള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ഒരു സെക്രട്ടറിയുണ്ട്, കണ്ണൂരില്‍നിന്ന് കൊണ്ടുപോയി അവതരിപ്പിച്ച സെക്രട്ടറി. അദ്ദേഹത്തിന്റെ ചരിത്രമൊന്ന് പരിശോധിക്കണം. എന്നെപ്പോലെ ഒരാളെ പ്രതിക്കൂട്ടില്‍നിര്‍ത്താന്‍ നാണമുണ്ടോ? ഒരു രാഷ്ട്രീയ നേതാവിന് അഭിമാന ബോധംവേണം. തറവാടിത്തവും മിതത്വവും വേണം. അര്‍ഥശൂന്യമായ ജല്പ്പനങ്ങള് നടത്തുന്ന ഗോവിന്ദന് മാഷിനെപ്പോലെയുള്ള ഒരാള്‍ പറഞ്ഞതിനെ പുച്ഛിച്ച് തള്ളുന്നു’ സുധാകരന് പറഞ്ഞു.
Content Highlights: kpcc president k sudhakaran replying mv govindan allegations