കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാനായി പ്രവർത്തിക്കുന്നതിനുള്ള സ്റ്റേ മാറ്റാൻ ജോസ് കെ മാണി വിഭാഗം ഇന്ന് കോടതിയെ സമീപിച്ചേക്കും. തർക്കം കോടതിയിലെത്തിയ സ്ഥിതിക്ക് അനുരഞ്ജനശ്രമങ്ങൾക്ക് പ്രസക്തിയില്ലെന്നാണ് ഇരുവിഭാഗത്തിന്റെയും നിലപാട്.
ചെയർമാൻ സ്ഥാനം സംബന്ധിച്ച തർക്കമുണ്ടെങ്കിൽ ഇടപെടേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം തന്നെ കോടതിയിൽ നിന്നുള്ള സ്റ്റേ ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയായി. അതിനാൽ കോടതിയിൽ നിന്ന് അനുകൂലനിലപാട് എത്രയും വേഗമുണ്ടാക്കാനാണ് ഇവരുടെ ശ്രമം.
തെരഞ്ഞെടുപ്പ് കോടതി കയറിയ സാഹചര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. മധ്യസ്ഥചർച്ചകൾക്കായി തിരുവനന്തപുരത്തേക്ക് വരാനിരുന്ന ജോസ് കെ മാണി കോടതി ഉത്തരവിനെത്തുടർന്ന് ഇന്നലെ യാത്ര റദ്ദാക്കിയിരുന്നു. സി എഫ് തോമസ് കൂടി പി ജെ ജോസഫിനൊപ്പം ചേർന്നെങ്കിലും തങ്ങൾ ദുർബലമായിട്ടില്ലെന്ന് വ്യക്തമാക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം.