തിരുവനന്തപുരം: ബാലരാമപുരത്തെ മതപാഠശാലയിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും രംഗത്തെത്തി. ബീമാപ്പള്ളി സ്വദേശിനി അസ്മിയയെയാണ് മതപഠനശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്ത് വരട്ടെയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. അസ്മിയയുടെ മരണത്തില്‍ സംഘപരിവാര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ വേറെ ഉദ്ദേശ്യമുണ്ട്. കത്വ കേസിലേത് പോലെ ഭരണകക്ഷി മന്ത്രിമാരടക്കം പ്രതികളെ സംരക്ഷിക്കാന്‍ പരസ്യമായി രംഗത്തിറങ്ങുന്ന സാഹചര്യവുമായി ബാലരാമപുരത്തെ കാണാനാവുമോ. രാജ്യം മുഴുവന്‍ പ്രതിഷേധമുയര്‍ന്നില്ലായിരുന്നെങ്കില്‍ ആ കേസ് തേഞ്ഞ് മാഞ്ഞു പോവില്ലായിരുന്നോ?. പ്രതികള്‍ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടുമെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകുമോ?, ഇത് ഉദ്ദേശ്യം വേറെയാണ്. മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു കാരണം കൂടി ഉണ്ടാക്കണം. മദ്രസകള്‍ക്കെതിരായ പ്രചരണം ഇതിന്റെ മറവില്‍ ശക്തിപ്പെടുത്തണമെന്നതാണെന്നും പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.
അല്‍ അമാന്‍ ട്രസ്റ്റിന്റെ കീഴിലുളള ഖദീജത്തുല്‍ ഖുദ്ര വനിത അറബിക് കോളേജിലാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്മിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം നല്കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മതപഠനശാലയിലെ അധ്യാപകരുടെയും ഉസ്താദിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അസ്മിയയ്ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ആഴ്ചയില്‍ ഒരു തവണ അഞ്ചുമിനിറ്റ് ഫോണിലൂടെ കുടുംബത്തെ ബന്ധപ്പെടാം. മാസത്തില്‍ രണ്ട് തവണ മാത്രം മദ്രസയില്‍ എത്തുന്ന കുടുംബത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കാണാം.
ചെറിയ പെരുന്നാളിന്റെ അവധിക്ക് ശേഷം മടങ്ങിയെത്തിയ അസ്മിയ അസ്വസ്ഥയായിരുന്നു എന്നാണ് സഹപാഠികളുടെ മൊഴി. കുടുംബത്തിന്റെ ആരോപണവും സഹപാഠികളുടെ മൊഴിയും പരിഗണിച്ച് വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അസ്മിയയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങളും ശക്തമാവുകയാണ്.