മലപ്പുറം: കെ.കെ ശൈലജയ്ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്. ഇതൊക്കെ ശുദ്ധ തെമ്മാടിത്തമല്ലേയെന്നും ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ക്കെതിരേ ശക്തമായി രംഗത്തുവരാന്‍ അതത് പാര്‍ട്ടികളുടെ നേതൃത്വം തന്നെ തയ്യാറാവേണ്ടതല്ലേ. എങ്ങനെയാണ് ഇത്ര ഹീനമായ രീതിയില്‍ ഒരു രാഷ്ട്രീയ നേതാവിനെതിരേ പ്രചാരണം നടത്താന്‍ കഴിയുന്നത്. നമ്മുടെ പൊതുവായ സാംസ്കാരിക രീതിയെ അല്ലേ അത് വെല്ലുവിളിക്കുന്നത്. നമ്മള് ഏത് കാര്യത്തിലും കാണിക്കേണ്ട സംസ്കാരമില്ലേ. ആ സംസ്കാരത്തിന് ചേരാത്ത രീതിയല്ലേ ഇതിനകത്ത് ഉണ്ടായിട്ടുള്ളത് മുഖ്യമന്ത്രി പറഞ്ഞു.
അത്തരം ആളുകളെ തള്ളിപ്പറയാനും ആ ചെയ്തികളെ തള്ളിപ്പറയാനും ആ രീതികളെ തള്ളപ്പറയാനും എന്താണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മടി. അതല്ലേ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫിന് അങ്ങനെയുള്ള പണികളൊന്നുമില്ല. എല്‍.ഡി.എഫിന് ഇമ്മാതിരി തറവേല കാണിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിശക്തമായ എല്‍.ഡിഎഫ് തരംഗം അലയടിച്ചുയരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.