തിരുവനന്തപുരം: മുഖ്യ മന്ത്രിയുടെ ഓഫീസിലും മുന്നണി നേതൃത്വത്തിലും പുതിയ ചുമതലകള്‍ തീരുമാനിക്കുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം ഇന്നു ചേരും. എല്‍ഡിഎഫ് കണ്‍വീനറെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയേയും തിരഞ്ഞെടുക്കലാണ് പ്രധാനമായും ഇന്ന് നടക്കുക. ഇതിനൊപ്പം ദേശാഭിമാനി പത്രാധിപരായും പുതിയ ആളെ ഇന്ന് തിരഞ്ഞെടുക്കും. സെക്രട്ടറിയേറ്റിന് തുടര്‍ച്ചയായി നാളെ സംസ്ഥാന സമിതി യോഗവും ചേരുന്നുണ്ട്.
എ വിജയരാഘവന് പിബി അംഗം ആയതോടെയാണ് പുതിയ മുന്നണി കണ്‍വീനറെ കണ്ടെത്തേണ്ടി വരുന്നത്. ഇ.പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനയാണുള്ളത്. പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ മുന്നിലുള്ളത് ഇ.പിയുടെ പേരുതന്നെയാണ്. പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയി നിയമിക്കാനും സാധ്യതയുണ്ട്.
ദേശാഭിമാനി പത്രാധിപര്‍ സ്ഥാനത്തു നിന്നും കോടിയേരി മാറും. പകരം പുത്തലത്ത് ദിനേശന് പത്രാധിപരാകും. പിബിയില്‍ നിന്നും മാറി തിരുവനന്തപുരം പ്രവര്‍ത്തന മേഘലയാക്കുന്ന എസ് രാമചന്ദ്രന് പിള്ളയ്ക്ക് എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ചുമതല നല്‍കിയേക്കും. . കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ചേരുന്ന ആദ്യ സെക്രട്ടറിയേറ്റാണ് ഇന്ന് ചേരുക.
സമ്മേളന പ്രതിനിധി അല്ലാതിരുന്നിട്ടും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ ശശിയാണ് താരം: സിപിഎം സംസ്ഥാന സമ്മേളനത്തിലെ അപ്രതീക്ഷിത വരവ് പി ശശിയുടേതാണ്. സമ്മേളന പ്രതിനിധി അല്ലാതിരുന്നിട്ടും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ ശശി ഇനി മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും. നായനാര്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനി പി ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പോലിസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവുമാണ് ശശിയുടെ സേവനം പാര്‍ട്ടി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിക്കുന്നത്.