കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. ഉന്നതാധികാര സമിതി യോഗം തുടങ്ങിയ ഉടനെത്തന്നെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി എം എ സലാമിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. പികെ കുഞ്ഞാലിക്കുട്ടി പിഎംഎ സലാമിനായി ഉറച്ച് നിന്നതോടെ സാദിഖലി തങ്ങളും ഒപ്പം നില്‍ക്കുകയായിരുന്നു. നേതൃത്വത്തെ നയിക്കാന്‍ ഇപ്പോള്‍ ഉചിതം പിഎംഎ സലാം തന്നെയാണ് എന്ന അന്തിമ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
അതേസമയം അവസാനഘട്ടം വരേയും എം കെ മുനീറിന് വേണ്ടി കെഎം ഷാജി, ഇ ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ്, പിവി അബ്ദുള്‍ വഹാബ് അടക്കമുള്ളവര്‍ ഉറച്ച് നിന്നു. നേതാക്കള്‍ അവസാന മിനുട്ട് വരേയും വീട്ടുവീഴ്ച്ചക്ക് തയ്യാറാവാതിരുന്നത് യോഗത്തില്‍ പ്രതിസന്ധിക്കിടയാക്കിയിരുന്നു. പിന്നീട് തീരുമാനം സാദിഖലി തങ്ങള്‍ക്ക് വിടുകയായിരുന്നു. തീരുമാനത്തില്‍ മുനീര്‍ വിഭാഗത്തിന് കടുത്ത നിരാശയുണ്ട്. ചില മുതിര്‍ന്ന നേതാക്കള്‍ ഈ പ്രഖ്യാപനത്തെ അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുത്തതായാണ് സൂചനയുണ്ട്. ഭാരവാഹികളെ തീരുമാനിക്കാനിക്കുന്നതിനായി കൗണ്‍സില്‍ യോഗം തുടരും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.