മലപ്പുറം: തന്റെ ജീവന് ഭീക്ഷണി ഉള്ളതായി സന്ദീപ് വാര്യര്‍. ഞാന്‍ ഭയക്കുന്നത് എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒന്നിച്ചായിരിക്കുമെന്നാണ്. ആ ഇന്നോവ ഒരുപക്ഷെ ഡ്രൈവ് ചെയ്യുന്നത് എംബി രാജേഷ് ആണെങ്കില്‍ അതില്‍ എനിക്കെതിരെയുള്ള ക്വട്ടേഷനുമായി വരുന്നത് സുരേന്ദ്രനായിരിക്കാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
രണ്ടുകൂട്ടരും ഒരേ ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന ആക്ഷേപങ്ങളാണ് എനിക്കെതിരെ ഉന്നയിക്കുന്നത്. ഇതെങ്ങനെയാണ് സയാമീസ് ഇരട്ടകളേപ്പോലെ ആക്ഷേപിക്കാന്‍ കഴിയുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങളും പാലക്കാട്ടെ വോട്ടര്‍മാരും കാണുന്നുണ്ട്. ഓഫര്‍ കിട്ടിയിട്ടാണ് പോയതെന്നാണ് ആക്ഷേപം. അങ്ങനെയെങ്കില്‍ അത് നല്കുന്നവര്ക്കടുത്തേക്കല്ലെ പോകേണ്ടത്. ഞാന്‍ കോണ്‍ഗ്രസിലേക്ക് വരുന്ന സമയത്ത് കേരളത്തില്‍ യുഡിഎഫിന് ഭരണമില്ല. രാജ്യത്ത് കോണ്‍ഗ്രസിന് ഭരണമില്ല അങ്ങനെ പ്രതിപക്ഷത്ത് നില്ക്കുന്ന പാര്‍ട്ടിയിലേക്ക് കടന്നുവരികയാണ് ചെയ്തത്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറിയില്‍ നിന്ന് പ്രവര്‍ത്തിച്ച് മടുത്തിട്ടാണ് ഞാന്‍ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ചാണ് യുഡിഎഫിന്റെ മാനവീകതയുടെ പക്ഷത്തേക്ക് വന്നത്. ബിജെപിയില്‍ ആരെയും വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ബിജെപിയെ നന്നാക്കാന്‍ ഒരു ചൂരലെടുത്ത് മാരാര്‍ജി ഭവന് ചുറ്റും നടക്കാനും ഉദ്ദേശിക്കുന്നില്ല. ഞാന്‍ തല്ലിയാലും അവര്‍ നന്നാകാന്‍ പോകുന്നില്ല. അതുകൊണ്ട് ഇനിമുതല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ പാണക്കാട് കുടുംബം സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വലിയ കസേര കിട്ടട്ടേയെന്നാണ് കെ. സുരേന്ദ്രന് ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് ആ രീതിയിലുള്ള കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് വലിയ കസേര തന്നെയാണ്. കുടപ്പനക്കുന്ന് തറവാട്ടില്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാനൊരു കസേര കിട്ടിയിട്ടുണ്ടെങ്കില്‍ അതൊരു വലിയ കാര്യം തന്നെയാണെന്ന് കെ. സുരേന്ദ്രന് മറുപടിയായി സന്ദീപ് വാര്യര്‍ പറഞ്ഞു.
ഇതിന് പിന്നാലെ മന്ത്രി എംബി രാജേഷിനെയും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രി എംബി രാജേഷ് പറഞ്ഞത് ഞാന്‍ കേട്ടു. നമ്മുടെ രാജ്യത്ത് ഭക്ഷണം വസ്ത്രം, ഭാഷ ഇതൊക്കെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അത് സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികളൊക്കെ ഒന്നിച്ചുനില്ക്കേണ്ടതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതുപോലെ തന്നെയാണ് രാഷ്ട്രീയവും. അതും ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അത് ഒരാള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.