കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്തുന്നതിനായുള്ള വോട്ടെടുപ്പ് തുടങ്ങി. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കേരളത്തില്‍ നിന്നുള്ള എംപി ശശി തരൂരുമാണ് മത്സര രംഗത്തുള്ളത്. ഖാര്‍ഗെ കര്‍ണാടകത്തിലും തരൂര്‍ കേരളത്തിലും വോട്ട് രേഖപ്പെടുത്തും.
രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറില്‍ ആദ്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരും രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. 68 ബൂത്തുകളിലായി 9308 നേതാക്കളാണ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിക്കും. 19ന് എഐസിസി ആസ്ഥാനത്താണ് വോട്ടെണ്ണല്‍ നടക്കുക. സംസ്ഥാനത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനാണ് പോളിങ്ങ് സ്റ്റേഷന്.
തന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തി. ഈ ഒരു തെരഞ്ഞെടുപ്പിനായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും സോണിയ ഗാന്ധിക്കൊപ്പം വോട്ട് രേഖപ്പെടുത്തി. പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയ പോളിംഗ് ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്തത്.
രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ പി ചിദംബരവും ജയറാം രമേശും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ വോട്ട് രേഖപ്പെടുത്തി. ചിദംബരം പാര്‍ട്ടി ആസ്ഥാനത്ത് ആദ്യം വോട്ട് രേഖപ്പെടുത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ രമേഷ്, അജയ് മാക്കന് തുടങ്ങി നിരവധി പേര് വോട്ടെടുപ്പില്‍ പങ്കുചേര്‍ന്നു.
24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധികുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അദ്ധ്യക്ഷപദവിയിലെത്താന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാം തവണയാണ് അദ്ധ്യക്ഷ പദത്തിലേക്ക് മത്സരം നടക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നല്കുന്നതിനാല് രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തില്‍ വോട്ട് രേഖപ്പെടുത്തും. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ബാലറ്റുകള്‍ ഒക്ടോബര്‍ 18ന് ഡല്‍ഹിയിലെത്തിക്കും.