മാധവന് കുട്ടി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. കേസില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി ഒ സൂരജ് ഹൈക്കോടതിയില്‍ പറഞ്ഞു. കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിതന്നയെന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചതോടെ ലീഗ് കേന്ദ്രങ്ങള്‍ അങ്കലാപ്പിലായി. കേസിലെ മുഖ്യപ്രതിതന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ അന്വേഷണം വീണ്ടും ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിച്ചായി.
19 ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി സൂരജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് മുന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ രൂക്ഷമായ ആരോപണം ഉള്ളത്. താനല്ല അഴിമതി നടത്തിയതെന്നും വിജിലന്‍സ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് വികെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയെന്നത് ശരിയാണ് . എന്നാല്‍ ആ തീരുമാനം തന്റേതായിരുന്നില്ല. ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നല്കാന് രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നാണ് സൂരജിന്റെ സത്യവാങ്മൂലത്തിലുള്ളത്. മുന്‍കൂര്‍ പണത്തിന് പലിശ ഈടാക്കാനുള്ള നിര്‍ദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാല്‍ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാന്‍ ഉത്തരവില്‍ കുറിപ്പെഴുതിയതെന്നും ടി ഒ സൂരജ് വ്യക്തമാക്കുന്നു.