കോഴിക്കോട്: ആലുവ ജില്ലാ ലീഗ് ക്യാമ്പില്‍ സംസാരിച്ചത് എറണാകുളം ജില്ലാ മുസ്ലീം ലീഗിലെ വിഭാഗീയത അവസാനിപ്പിക്കാനും സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുമുളള പാര്‍ട്ടി നിലപാട് വിശദീകരിച്ചുകൊണ്ടാണന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. വ്യക്തികളെ കേന്ദ്രീകരിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നതിനെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നതിന് ഉപമയായാണ് പ്രാദേശികമായി അമീറന്മാരുടെ കീഴില്‍ മുരീദന്മാരാകരുതെന്ന പ്രയോഗത്തിലൂടെ ഉദ്ദേശിച്ചതും അദ്ദേഹം വ്യക്തമാക്കി.
‘സാദിഖലി തങ്ങള്‍ എന്ന ഒരു ഇമാം മതിയെന്ന് വ്യക്തമായി പറഞ്ഞിരുന്നു. അത് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളെ ഉദ്ദേശിച്ചു മാത്രമാണെന്ന് സദസ്സിന് മുഴുവന്‍ അന്നേ വ്യക്തമായതാണ്. എന്നാല്‍, പ്രസംഗത്തിലെ സെക്കന്റുകള്‍ ദൈര്‍ഘ്യമുളള ഭാഗം മാത്രം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോട് തികച്ചും സദുദ്ദേശ്യത്തോടെ നടത്തിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ക്ക് മറ്റൊരു രീതിയില്‍ വ്യാഖ്യാനം വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. മഹാരഥന്മാരായ നേതാക്കള്‍ നയിച്ച പാതയില്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തില്‍ അണിനിരന്ന് പൂര്‍വ്വാധികം ശക്തിയോടെ നമുക്ക് ഒന്നിച്ചു മുന്നോട്ട് പോകാം’, പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.
ലീഗ് ക്യാമ്പിലെ സലാമിന്റെ പരാമര്‍ശത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് നേരത്തേ രംഗത്തെത്തിയിരുന്നു. സുന്നി വിശ്വാസ, ആദര്‍ശങ്ങളെ പരസ്യമായി ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. എ സലാമിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് കാര്യങ്ങള്‍ വിശദീകരിച്ച് സലാം രംഗത്തെത്തിയത്.