ഇടുക്കി: ജോസ് കെ മാണിയെ നേതാവാക്കിയ കേരള കോണ്‍ഗ്രസ് ചെയര്മാന് തെരഞ്ഞെടുപ്പ് തൊടുപുഴ മുന്‍സിഫ് കോടതി സ്റ്റേ ചെയ്തു. ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയതിനെതിരെ ജോസഫ് വിഭാഗം നല്കിയ ഹരജിയിലാണ് സ്റ്റേ. ചെയര്‍മാന്റെ അധികാരങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതി വിലക്കിയിട്ടുണ്ട്. സംസ്ഥാന സമിതി അംഗങ്ങളായ മനോഹരന് നടുവിലേടത്ത്, ഫിലിപ്പ് ചേരീല് എന്നിവരാണ് ഹരജി നല്‍കിയത്.
അതിനിടെ ജോസ് കെ.മാണി കേരള കോണ്‍ഗ്രസ്-എമ്മിന്റെ ചെയര്മാന് ആണെന്ന് കാണിച്ച് ഒരു വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ 325 അംഗങ്ങളുടെ പിന്തുണ ജോസിനുണ്ടെന്ന് വ്യക്തമാക്കി മുതിര്‍ന്ന അംഗം കെ.ഐ.ആന്റണിയാണ് കത്ത് നല്‍കിയിരിക്കുന്നത്. ചെയര്മാന് എന്ന നാമം പേരിനൊപ്പം ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പദവി ഉപയോഗിച്ച് കത്തയയ്ക്കരുതെന്നും ചെയര്‍മാന്റെ ഓഫീസ് ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത്. പിന്നാലെ പി.ജെ.ജോസഫ് വിഭാഗം ഇത് ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ വര്‍ക്കിംഗ് ചെയര്‍മാനെ അധികാരമുള്ളൂ എന്നും പാര്‍ട്ടി ഭരണഘടന അനുസരിച്ചല്ല ജോസ് കെ.മാണി വിഭാഗം യോഗം വിളിച്ചതെന്നുമായിരുന്നു മറുപക്ഷത്തിന്റെ വാദം. ഇതിനിടെയാണ് തര്‍ക്കം കോടതിയിലും എത്തിയിരിക്കുന്നത്.
ഇനിയൊരു ഉത്തരവുണ്ടാകും വരെയാണ് സ്റ്റേ. സമാന്തര സംസ്ഥാന സമിതി വിളിച്ച് ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം. ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാനൊരുങ്ങുകയാണ് ജോസഫ് വിഭാഗം.