ബെംഗളൂരു: കര്‍ണാടകത്തില്‍ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ വിശ്വസ്ഥനും നിയമോപദേശകനുമായിരുന്ന മുന്‍ എംഎല്‍സി മോഹന്‍ ലിംബിക്കൈ ബിജെപി വിട്ട കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബെല്‍ഗാവിയില്‍ നടന്ന ചടങ്ങിലാണ് ലിംബിക്കൈ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹുബള്ളിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനും ലിംഗായത്ത് നേതാവുമായ ലിംബിക്കൈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന.
എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, കെപിസിസി അദ്ധ്യക്ഷന്‍ ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സതീഷ് ജര്‍ക്കിഹോളി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ലിംബിക്കൈ കോണ്‍ഗ്രസിന്റെ ഭാഗമായത്.
യാതൊന്നും ആവശ്യപ്പെട്ടല്ല താന്‍ കോണ്‍ഗ്രസിലെത്തിയതെന്നും ഭാവിയില്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും ലിംബിക്കൈ പറഞ്ഞു. ദശകങ്ങളായി താന്‍ ബിജെപിയുടെ അച്ചടക്കമുള്ള ഭടനായിരുന്നു. പക്ഷെ അവര്‍ തന്റെ നേതൃശേഷിയെ ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. യെദിയൂരപ്പയുടെ അടുത്ത വൃത്തത്തിലുള്ളയാളെന്ന് അറിയപ്പെടുന്ന ഒരാളാണ് താന്‍. പക്ഷെ ബിജെപിയുടെ ചില പ്രത്യയശാസ്ത്രങ്ങളില്‍ താന്‍ അതൃപ്തനാണ്. അത് ചില നേതാക്കളുടെ സ്വഭാവത്തില്‍ തനിക്ക് മുറിവേറ്റു. അതിനാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചുവെന്നും ലിംബിക്കൈ പറഞ്ഞു.