കണ്ണൂര്‍: സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പില്‍ സിപിഎം പരാതി. സ്വപ്നയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഗൂഢാലോചന,വ്യാജരേഖ ചമക്കല്‍,കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു. ഏരിയാ സെക്രട്ടറി കെ സന്തോഷ് ആണ് തളിപറമ്പ് എസ്എച്ച്ഒക്ക് പരാതി നല്‍കിയത്.
സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. ഗോവിന്ദന് മാസ്റ്ററുടെ മണ്ഡലമായ തളിപ്പറമ്പില്‍ നിന്നു തന്നെയാണ് പരാതി എന്നതും ശ്രദ്ധേയമാണ്. സ്വപ്നയുടെ ആരോപണങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് കൊടുക്കാന്‍ സിപിഎമ്മിലെ ആരോപിതര്‍ തയ്യാറാകുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പുതിയ കേസ്. സ്വര്‍ണക്കടത്ത് കേസിലെ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.