ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിരട്ടിയോടിച്ച കെ.വിതോമസ് ഒടുവില്‍ മെരുങ്ങി. സോണിയ പറഞ്ഞ് അഹമ്മദ് പട്ടേല്‍ നേരിട്ടെത്തിയതോടെയാണ് എഐസിസി ഭാരവാഹിത്വത്തില്‍ കണ്ണെറിഞ്ഞു കെവി തോമസ് പത്തിമടക്കിയത്. ഹൈബിക്കായി ഇറങ്ങുമെന്ന് കെവി തോമസ് കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും തോമസ് പരഞ്ഞു. താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ പാടേ തള്ളി കെ.വി തോമസ് രംഗത്തുവന്നു. പാര്‍ട്ടി എന്തു പദവി നല്കിയാലും സ്വീകരിക്കും എന്നും തോമസിന്റെ പുതിയ നിലപാട്.
ചില ഓഫറുകള്‍ മുന്നോട്ടുവച്ച്, അനുനയിപ്പിച്ച് കെ വി തോമസിനെ നാളെത്തന്നെ എറണാകുളത്ത് എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ നീക്കം. അത്തരത്തിലൊരു നിര്‍ദേശമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ട് വച്ചതും. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമോ, എഐസിസി ഭാരവാഹിത്വമോ നല്‍കാമെന്നും, കെ വി തോമസിനെ പറഞ്ഞ് അനുനയിപ്പിക്കണമെന്നുമായിരുന്നു ദേശീയനേതൃത്വം ചെന്നിത്തലയ്ക്ക് നല്കിയ നിര്‍ദേശം. എന്നാല്‍ ചെന്നിത്തലയുമായി സഹകരിക്കാന്‍ കെവി തോമസ് തയ്യാറായില്ല. ‘എന്തിനാണീ നാടകം?’, ഒരു ഓഫറും ഇങ്ങോട്ട് വയ്ക്കണ്ട എന്നൊക്കെ പറഞ്ഞു ചെന്നിത്തലയോട് കടക്കുപുറത്തും പറഞ്ഞുവെന്നാണ് വ്യക്തമാവുന്നത്.
തൊട്ടുപിന്നാലെ അഹമമദ് പട്ടേലിനെ നേരിട്ട് അയച്ചു സോണിയ ഗാന്ധി നടത്തിയ നീക്കമാണ് കെവി തോമസിനെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചത്. സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായിട്ടാണ് അഹമ്മാദ് പട്ടേല്‍ തോമസിനെ കണ്ടത്. സംഘടനാനേതൃത്വത്തില്‍ സുപ്രധാനപദവി തന്നെ നല്കി കെ വി തോമസിനെ അനുനയിപ്പിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ ശ്രമം. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചാടിയ ടോം വടക്കന്റെ നേതൃത്വത്തില്‍ ചരടുവലി തുടങ്ങിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.