കൊച്ചി: മാസപ്പടിയിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടലുകളുടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട്. മാത്യു കുഴൽനാടൻ എം എൽ എ . ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി സി എംആർഎല്ലിന് നൽകിയ ആനുകൂല്യങ്ങളുടെ തെളിവുകൾ എം എൽ എ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഇടപെടലുകൾ മൂലം 2018 ന് ശേഷം സിഎംആർഎൽ കമ്പനിക്ക് ഉണ്ടായത് 70 ശതമാനത്തിലേറെ ലാഭമാണന്നും മാത്യു പറഞ്ഞു.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പോലും പിടിച്ചുനിർത്താൻ കഴിയുന്നത്ര വിലമതിക്കുന്ന കരിമണൽ മുഖ്യമന്ത്രി സിഎംആർഎൽ നൽകിയത് കിലോയ്ക്ക് 17 പൈസ നിരക്കിലാണ്. ഇല്യുമിനേറ്റ് ഇറക്കുമതി മൂലം കമ്പനിക്ക് കഴിഞ്ഞ നാലു വർഷങ്ങളിൽ 60 കോടിയോളം രൂപയുടെ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി സിഎംആർഎൽ കമ്പനി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുകയും ഇല്യുമിനേറ്റ് സംസ്ഥാനത്ത് തന്നെ ലഭിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണമെന്ന് ആവശ്യം ഉന്നയിച്ച് മെമ്മോറാണ്ടം നൽകി. ഈ മെമ്മോറാണ്ടം സ്വീകരിച്ച് ആവശ്യമായ നടപടികൾക്കായി മുഖ്യമന്ത്രി തന്നെ ഫയലിൽ ഒപ്പുവെച്ച് മുന്നോട്ടുള്ള നടപടികൾ ആരംഭിച്ചു.
എന്നാൽ കെ ആർ എം എല്ലിന്റെ പേരിലുള്ള മൈനിങ് ലീസ് നടത്തിക്കൊടുക്കാൻ കഴിയാത്ത സാങ്കേതിക പ്രയാസങ്ങൾ ഉണ്ടായപ്പോൾ 2018 മുഖ്യമന്ത്രി തന്നെ നേരിട്ട് യോഗം വിളിക്കുകയും സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ എന്ന അധികാരം ഉപയോഗിച്ച് തോട്ടപ്പള്ളി സ്പിൽവേയിലെ കാറ്റാടി മരങ്ങൾ മുറിച്ചുമാറ്റി അവിടെയുള്ള മണൽ നീക്കം ചെയ്യുന്നതിന് ദുരന്തനിവാരണ അതോറിറ്റി നിയമപ്രകാരം നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ആ നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ ആലപ്പുഴ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാനായ ജില്ലാ കളക്ടറും ജില്ലയിലെ മന്ത്രിമാരും കൂടി ഇത് നടപ്പിലാക്കുന്നതിലേക്ക് നീങ്ങുകയും അപ്രകാരം കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് എന്ന പേരിൽ തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കം ചെയ്യാൻ കെഎംഎംഎല്ലിന് ചുമതലപ്പെടുത്തുകയും കെഎംഎംഎൽ വഴി ഐ ആർ ഇ യിലേക്ക് കരിമണലും കരിമണലിൽ നിന്നുണ്ടാകുന്ന അസംസ്കൃത വസ്തുവായ ഇലുമിനിറ്റ് സിഎം ആർ എൽ ലിനും നൽകുന്ന നിലയിലേക്ക് കാര്യങ്ങൾ ക്രമീകരിച്ചു.
ദുരന്തനിവാരണ അതോറിറ്റിയുടെ ടീ നടപടികൾ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരന്തം ഒഴിവാക്കുന്നതിനു വേണ്ടിയാണ് എന്നു പറയുമ്പോഴും അതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയപ്പോൾ “മഴക്കാലം വന്ന് മണ്ണ് നഷ്ടപ്പെടുന്നതിനു മുൻപ് മണ്ണെടുക്കണമെന്ന്” അടക്കം രേഖപ്പെടുത്തിയിരിക്കുന്നു. ഇത് കാണിക്കുന്നത് സർക്കാറിന്റെ താല്പര്യം വെള്ളപ്പൊക്കം ഒഴിവാക്കി കുട്ടനാടിനെ സംരക്ഷിക്കുന്നതല്ല മറിച്ച് തോട്ടപ്പള്ളിയിലെ പൊഴിമുഖത്തെ മണൽ മഴക്കാലത്ത് നഷ്ടപ്പെടുന്നതിനു മുൻപേ മണ്ണെടുക്കൽ ആണ് എന്ന് നിസംശയം വ്യക്തമാക്കുന്ന രേഖയും പത്രസമ്മേളനത്തിൽ മാത്യു കുഴൽനാടൻ പുറത്തുവിട്ടു.
ഇതിൽ ഏറ്റവും സുപ്രധാനമായ കാര്യം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പോലും പിടിച്ചുനിർത്താൻ കഴിയുന്നത്രയും വിലമതിക്കുന്ന കരിമണൽ കേവലം മെട്രിക് ക്യൂബിന് 464 രൂപ വില നിശ്ചയിച്ചാണ് സർക്കാർ നൽകാൻ തീരുമാനിച്ചത്, അതായത് ഒരു കിലോയ്ക്ക് 17 പൈസ എന്ന നിരക്കിൽ. അതിന് കാരണമായി പറയുന്നത് ഈ മണലിൽ ധാതു ഘടകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ച് അതിന്റെ യഥാർത്ഥ വില നിർണയിക്കാൻ മൈനിങ് ആൻഡ് ജിയോളജിയോടും എൻ.സി.ഇ.എസിനോടും ആവശ്യപ്പെട്ടെങ്കിലും അവർ സമയത്ത് മറുപടി നൽകാത്തതിനാൽ ഈ തുകയ്ക്ക് നൽകാൻ തീരുമാനിച്ചു എന്നതാണ്. ഇത്രയും നിസ്സാരമായ തുകയ്ക്ക് കരിമണൽ നൽകാൻ തീരുമാനിച്ചത് വഴി സിഎംആർഎൽലിന് ഇല്യുമിനേറ്റ് കുറഞ്ഞ തുകയ്ക്ക് ലഭിക്കാനുള്ള സാഹചര്യമുണ്ടായി. ഇതാണ് യഥാർത്ഥത്തിൽ സിഎംആർഎൽ കമ്പനിക്ക് ഉണ്ടായ ലാഭം എന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി .
മുഖ്യമന്ത്രിയുടെ ഈ പ്രവർത്തി മൂലം 2018ന് ശേഷം സിഎംആർഎൽ കമ്പനി ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കിൽ അവരുടെ ലാഭം ക്രമാതീതമായി 70% വരെ ഉയരുകയും ചെയ്തിട്ടുണ്ട്. സുഗമമായി മണൽ നീക്കം സാധ്യമായ 2022 – 23 സാമ്പത്തിക വർഷങ്ങളിൽ വലിയ ലാഭം സിഎംആർഎൽ നേടുകയുണ്ടായി . ഇപ്രകാരം വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞത് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രി നേരിട്ട് ഈ നിലയിൽ ഒരു ഇടപെടൽ നടത്തി കുറഞ്ഞ വിലയ്ക്ക് ഇലുമിനിറ്റ് എന്ന സംസ്കൃത വസ്തു സംസ്ഥാനത്ത് തന്നെ ലഭ്യമാക്കി സിഎംആർഎൽലിനെ സഹായിച്ചത് മൂലമാണ്. ഇതിൽനിന്നും മുഖ്യമന്ത്രി സിഎംആർഎൽ-ലിന് നൽകിയ സേവനങ്ങൾ എത്രത്തോളം വലുതാണെന്ന് വ്യക്തമാണന്നും മാത്യു കുഴൽനാടൻ പറഞ്ഞു.