തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകുല്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന് എരഞ്ഞിക്കല്‍. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവിലുള്ളവരുടെ രജിസ്ട്രേഷന് പുതുക്കുന്നതിന് പോലും ഗുണഭോക്താക്കള്‍ ഏറെ പ്രയാസപ്പെടുകയാണ്.
2019 ലാണ് അവസാനമായി കാര്‍ഡ് വ്യവസ്ഥാപിതമായ രീതിയില്‍ പുതുക്കിയത്. പിന്നീട് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പുതുക്കലും പുതിയ രജിസ്ട്രേഷനും എല്ലാം നിര്‍ത്തിവെച്ചു. നിലവില്‍ വ്യക്തിഗതമായാണ് ആനുകുല്യം നല്‍കുന്നത്. അതിനായി ചികില്‍സയ്ക്കെത്തുമ്പോള്‍ ആശുപത്രിയില്‍ പുതുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പക്ഷേ ആശുപത്രി കൗണ്ടറിലെ തിരക്കു മൂലം രോഗാവസ്ഥയില്‍ ചികില്‍സയ്ക്കെത്തുമ്പോള്‍ കാര്‍ഡ് പുതുക്കാന്‍ പലപ്പോഴും കഴിയുന്നില്ല. ഇതോടെ അര്‍ഹതയുണ്ടായിട്ടും ആനുകുല്യം നിഷേധിക്കപ്പെടുകയാണ്.
കൂടാതെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുതിയ രജിസ്ട്രേഷന് നടക്കുന്നില്ല. പല കാരണങ്ങള്‍ മൂലം ബിപിഎല്‍ പട്ടികയില്‍ നിന്നു പോലും പുറത്തായ നിര്ധനരായവര്ക്കും ആനുകുല്യത്തിന് അര്‍ഹതയുള്ളവര്‍ക്കും ഇതു മൂലം ചികില്‍സാ ചെലവുകള്‍ താങ്ങാനാവുന്നില്ല. നിരവധി രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമാകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കുന്നതിനുള്ള സത്വരവും സമഗ്രവുമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കൃഷ്ണന് എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.