കൊച്ചി സംവിധായകന് രാമസിംഹന് അബൂബക്കറും (അലി അക്ബര്‍) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണു പാര്‍ട്ടി അംഗത്വം രാജിവച്ച് വിവരം രാമസിംഹന് അറിയിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തും രാമസിംഹന് പങ്കുവച്ചു. താന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തില്‍നിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു.
പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. സംവിധായകന് രാജസേനനയും ഭീമന് രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. രാജസേനന് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
‘പണ്ട് പണ്ട് കുമ്മനം രാജേട്ടന് തോറ്റപ്പോള്‍ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആര്‍ക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്കു വേണ്ടിയല്ലാതെ… ഒപ്പം ഒരു സന്തോഷം പങ്കുവയ്ക്കട്ടെ ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല… തികച്ചും സ്വതന്ത്രന്… എല്ലാത്തില്‍നിന്നും മോചിതനായി… ഒന്നിന്റെ കൂടെമാത്രം, ധര്‍മത്തോടൊപ്പം ഹരി ഓം…’- എന്നാണ് രാമസിംഹന് തന്റെ ഫെയ്സ്ബുക് പേജില്‍ കുറിച്ചത്.