കോട്ടയം: പാർട്ടിക്കുള്ളിൽ വിഭാഗീയത രൂക്ഷമായ കേരള കോൺഗ്രസ് (എം) വീണ്ടും പിളർന്നു. ജോസ് കെ മാണിയെ ചെയർമാനായി ബദൽ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. മുതിർന്ന നേതാക്കൾ കോട്ടയം യോഗത്തിൽ നിന്നും വിട്ടു നിന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് ചേർന്ന സംസ്ഥാന സമിതിയോഗമാണ് ജോസ് കെ മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത്. അഞ്ച് മിനിട്ട് മാത്രമാണ് തെരഞ്ഞെടുപ്പ് നീണ്ടു നിന്നത്. 437 പേരിൽ 325 പേർ യോഗത്തിൽ പങ്കെടുത്തു. രണ്ട് എംഎൽഎമാരാണ് ജോസ് കെ മാണിക്കൊപ്പമുള്ളത്. മൂന്ന് എംഎൽഎമാർ പി ജെ ജോസഫിനൊപ്പമാണുള്ളത്.
പാർട്ടി വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് അറിയാതെ ജോസ് കെ മാണി സംസ്ഥാന സമിതി വിളിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ജോസ് കെ മാണിയെ രൂക്ഷമായി വിമർശിച്ച് പി ജെ ജോസഫ് രംഗത്തെത്തുന്ന കാഴ്ചയും കണ്ടു. ജോസ് കെ മാണി വിളിച്ച സംസ്ഥാന കമ്മറ്റി യോഗം നിയമവിരുദ്ധമാണെന്നും പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ പ്രവർത്തനമാണിതെന്നും ജോസഫ് കുറ്റപ്പെടുത്തിയിരുന്നു.
കെ എം മാണി അന്തരിച്ചതിനെ തുടർന്ന് പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താൻ സംസ്ഥാന കമ്മറ്റി ചേർന്ന് പുതിയ ചെയർമാനെ തെരഞ്ഞെടുക്കണമെന്നായിരുന്നു ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം പി ജെ ജോസഫ് പക്ഷം തള്ളുകയായിരുന്നു. ഇതോടെയായിരുന്നു ജോസ് വിഭാഗം യോഗം ചേർന്നത്. വർക്കിംഗ് ചെയർമാൻ, ചെയർമാൻ സ്ഥാനത്തേക്ക് എത്തുമെന്ന നിലപാടായിരുന്നു ജോസഫ് പക്ഷം സ്വീകരിച്ചത്