തിരുവനന്തപുരം: കോവിഡ് – 19 ബാധിതരുടെ ബയോമെട്രിക്കല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വിദേശകമ്പനിയായ സ്പ്രിംഗ്ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഗവര്‍ണര്‍ക്ക് നിവേദനം നൽകിയത്.
കരാര്‍ സംസ്ഥാന താല്പര്യം സംരക്ഷിക്കുന്നതല്ല. കരാറിലെ വ്യവസ്ഥകള്‍ ഏറിയകൂറും പൗരാവകാശങ്ങള്‍ ഹനിക്കുന്നതും നമ്മുടെ ഭരണഘടനയ്ക്ക് എതിരുമാണ്. വ്യക്തികളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടാൻ പാടില്ലാത്തതാണ്. കേന്ദ്ര സർക്കാരിന്റെയോ ഐസിഎംആറിന്റെയൊ അനുമതിയില്ലാതെയാണ് സർക്കാരിന്റെ നടപടി.
വേണ്ടത്ര അവധാനതയില്ലാതെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശകമ്പിനിക്ക് അനുമതി നൽകിയതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ പൗരന്മാര് വരെയുള്ളവരുടെ രഹസ്യവിവരങ്ങളും സുരക്ഷയും അപകടപ്പെടുത്തുന്നതാണ് കരാര്‍. മാത്രമല്ല സേവനദാതാവിന് നൽകേണ്ട തുക സംബന്ധിച്ച് വ്യക്തയില്ലാത്തത് വന്‍ അഴിമതിക്കും തദ്വാരാ സര്‍ക്കാര്‍ ഖജനാവിലെ പണം നഷ്ടപ്പെടാനും ഇടയാക്കും. കരാര്‍ സംസ്ഥാനത്തിന്റെയല്ല മറിച്ച് സമ്പൂര്‍ണമായും സേവനദാതാവായ വിദേശ കമ്പിനിയുടെ മാത്രം താല്പര്യം സംരക്ഷിക്കുന്നതാണ്. കൂടാതെ വിദേശത്ത് അവിടത്തെ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പിനിയുമായി ഇത്തരത്തില്‍ കരാറിലേര്‍പ്പെടുന്നത് അങ്ങേയറ്റം ദുരൂഹമാണ്.
കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഈ നടപടി ജനതയുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണ്. അതിനാല്‍ വിഷയത്തില്‍ ഉടന്‍ ഇടപെട്ട് ഗവര്‍ണറുടെ അധികാരമുപയോഗിച്ച് കരാര്‍ റദ്ദാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. കൂടാതെ കരാര്‍ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ മറച്ചുവയ്ക്കുന്ന രഹസ്യങ്ങള്‍ പുറത്തുവിടേണ്ടതുണ്ട്. ഇത് ജനങ്ങളെ അറിയിക്കണം. ഇക്കാര്യങ്ങളിൽ ഗവർണറിൽ നിന്ന് അടിയന്തിര നടപടിയുണ്ടാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ബി ജെ പി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി , തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.