കൊച്ചി: ആധിപത്യ രാഷ്ട്രീയത്തിനെതിരായ രാഷ്ട്രീയത്തെയാണ് എം കരുണാധി എന്നും പ്രതിനിധാനം ചെയ്തതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. എറണാകുളം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച കരുണാനിധി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തരം ആധിപത്യത്തിനും എതിരായിരുന്നു അദ്ദേഹം. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും ഉത്തരേന്ത്യന്‍ ആധിപത്യത്തിനെതിരെയുമുള്ള സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി.
രാഷ്ട്രീയപ്രവര്‍ത്തനത്തിനു സാംസ്കാരികമായ തലംകൂടിയുണ്ട് എന്ന് കാണിച്ചുതന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ജനങ്ങളുടെ കണ്ണു തുറപ്പിക്കുക, അല്ലെങ്കില്‍ ഇരുളിനെ അകറ്റുക എന്ന ദൗത്യമാണ് അദ്ദേഹം കലാസൃഷ്ടികളിലൂടെ നിര്‍വഹിച്ചത്. സമൂഹത്തെ ഇളക്കി മറിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങള്‍. ജനങ്ങളുമായുള്ള സംവാദം ജീവിതമാകെ തുടര്‍ന്നു. ഭാഷയും കലയും ഉപയോഗിച്ച് അദ്ദേഹം ജനമനസ്സുകളുമായി ആശയവിനിമയം നടത്തി. മാക്സിം ഗോര്‍ക്കിയുടെ അമ്മ ‘തായ്’ എന്ന പേരില്‍ കവിതാരൂപത്തില്‍ പരിഭാഷപ്പെടുത്തിയ കരുണാനിധി പുസ്തകം പ്രകാശിപ്പിക്കുമ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ മുഖവുര വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഉയര്‍ന്ന രാഷ്ട്രീയബോധത്തിന്റെ തെളിവായിരുന്നു ഇത്. പെരിയാറിനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ താനൊരു കമ്മ്യൂണിസ്റ്റുകാരനായേനെ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സമയവിനിയോഗത്തിന്റെ കാര്യത്തില്‍ അദ്ദേഹം മാതൃകയായിരുന്നു. 20 വയസുമുതല്‍ 84-ാം വയസുവരെ അദ്ദേഹം തിരക്കഥയെഴുതി. താരതമ്യമില്ലാത്ത പ്രഭാഷകനായിരുന്നു അദ്ദേഹം. പ്രസംഗങ്ങളിലൂടെ ജനങ്ങളെ ഇളക്കി മറിച്ചു. വിഷയങ്ങള്‍ പ്രാസരൂപേണ കുറിക്കുകൊള്ളും വിധം അവതരിപ്പിച്ചു. നാം ജീവിക്കുന്ന കാലഘട്ടം വിസ്മയത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രശ്നങ്ങളെയാണ് അദ്ദേഹം ഏറ്റെടുത്തതെന്നും എംഎ ബേബി പറഞ്ഞു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എസ് രമേശന് അധ്യക്ഷനായി. അജിത് കുമാര്‍ കെ പി സ്വാഗതവും എസ് കൃഷ്ണമൂര്‍ത്തി നന്ദിയും പറഞ്ഞു.