തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായ നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെതിരേ എൽഡിഎഫ് ഇന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് – ബിജെപി നിലപാട്.
സീറ്റ് നിഷേധിച്ചതോടെ കോണ്ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച സനീഷ് ജോർജ് എൽഡിഎഫ് പിന്തുണയോടെയാണ് നഗരസഭാ ചെയർമാനായത്. അതേസമയം സനീഷ് ജോർജിനെതിരെ അവിശ്വാസ നോട്ടീസ് നൽകുന്ന കാര്യത്തിൽ ഇടത് കൗൺസിലർമാർക്കിടയിൽ വലിയ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്വകാര്യ സ്കൂൾ മാനേജ്മെന്റ് അധികൃതരിൽനിന്നു കൈക്കൂലി വാങ്ങിയ കേസിൽ നഗരസഭാ അസി.എൻജിനിയറും ഇടനിലക്കാരനും വിജിലൻസിന്റെ പിടിയിലായിരുന്നു. കേസിൽ ചെയർമാൻ രണ്ടാം പ്രതിയായതോടെയാണ് നഗരസഭയിൽ ഭരണ പ്രതിസന്ധി ഉടലെടുത്തത്. അവധിയിൽ കഴിഞ്ഞിരുന്ന ചെയർമാൻ ഇന്ന് ചുമതലയിൽ തിരികെ പ്രവേശിക്കും. സനീഷ് ജോർജ് നഗരസഭയിൽ എത്തിയാൽ പ്രതിരോധിക്കാനാണ് മൂന്നു മുന്നണികളുടെയും നീക്കം.
അതേസമയം സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി വിജിലൻസ് എടുത്ത കേസ് നിലനിൽക്കില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അത് ചൂണ്ടിക്കാട്ടിയാണ് രാജിവെക്കില്ലെന്നും രാജിവെക്കാതെ നിരപരാധിത്വം തെളിയിക്കാമെന്നുമുള്ള നിലപാടിലേക്ക് ചെയർമാൻ മാറിയതും. നിലവിലെ സാഹചര്യത്തിൽ അവിശ്വാസം പാസാകണമെങ്കിൽ ബിജെപിയുടെ പിന്തുണ കൂടിയേ കഴിയൂ.
കൈക്കൂലി വാങ്ങുന്നതും പ്രേരിപ്പിക്കുന്നതും അഴിമതിയാണ്. അതുകൊണ്ടാണ് അത്തരമൊരു ആക്ഷേപം വന്നപ്പോൾ ചെയർമാൻ സനീഷ് ജോർജിനോട് രാജിവയ്ക്കാൻ മുന്നണി ആവശ്യപ്പെട്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു. എന്നാൽ അദ്ദേഹം നിയമത്തെ വെല്ലുവിളിച്ച് സ്വയം രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.
അവിശ്വാസം കൊണ്ടുവരാതെ രാജിവയ്ക്കാൻ ആവശ്യപ്പെട്ടത് മുന്നണിക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാലാണ്. ഇക്കാര്യത്തിൽ കോണ്ഗ്രസും ബിജെപിയും നിലപാട് വ്യക്തമാക്കണമെന്നും അവിശ്വാസ പ്രമേയത്തെ അവർ പിന്തുണച്ചാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.