കോഴിക്കോട് : മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വോട്ട് പിടിച്ച് ലീഗിന്റെ സംഘടനാ സംവിധാനത്തെ ദ്രോഹിക്കുന്ന നടപടി അനുവദിക്കില്ലന്ന് കോഴിക്കോട് ഡിസിസി. തിരഞ്ഞെടുപ്പില്‍ ചെറിയ പാളിച്ചകള്‍ ഉണ്ടായെന്നും ലീഗ് പരാതി രമ്യമായി പരിഹരിച്ചെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.
ലീഗ് പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസാക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത്. ഗ്രൂപ്പ് തിരിഞ്ഞുള്ള വാശിയേറിയ മത്സരത്തില്‍ പരാമവധി വോട്ട് പിടിക്കാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ അംഗത്വ വിതരണത്തിനായി ലീഗുകാരുടെ വീട് കയറിയത്. പരാതി ഉന്നയിച്ച അരിക്കുളത്തെ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇനി ഇത്തരം വോട്ട് പിടുത്തം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അരിക്കുളം പഞ്ചായത്തിലെ മുന്നണി സംവിധാനത്തില്‍ നിന്ന് വിട്ടുനില്ക്കാനള്ള തീരുമാനത്തില്‍നിന്ന് ലീഗ് പിന്മാറി.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. പരമാവധി അംഗങ്ങളെ ചേര്‍ത്ത് വോട്ട് നേടാന്‍ പാര്‍ട്ടി മാറി ആളെ പിടിക്കുന്നുവെന്നത് മുന്നണി ബന്ധം വഷളാക്കാന്‍ കാരണമായി. അരിക്കുളത്ത് മാത്രമല്ല മറ്റ് പഞ്ചായത്തുകളിലും ലീഗ് പ്രവര്‍ത്തകരെ യൂത്ത് കോണ്ഗ്രസാക്കുന്നുവെന്ന് പരാതിയുണ്ട്.