കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനും പാവങ്ങള്‍ക്ക് സഹായം എത്തിക്കാനും പ്രയത്നിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരായ ഡല്‍ഹി പോലീസിന്റെ പ്രതികാര നടപടി രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ജനങ്ങളെ സഹായിക്കുന്നത് കുറ്റ കൃത്യമായിട്ടാണ് നരേന്ദ്ര മോദി കാണുന്നത്. കോവിഡ് ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കാതെ അതിന് തയ്യാറാകുന്നവര്‍ക്കെതിരെ കേസെടുക്കുന്ന വിചിത്ര നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ പിടിപ്പു കേടുകള്‍ പുറം ലോകം അറിയാതെ ഇരിക്കാനാണ് ഇത്തരം പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത്.
കോവിഡ് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും ഓക്സിജനും കിടക്കകളും ഉള്‍പ്പെടെ മറ്റു സൗകര്യങ്ങള്‍ എത്തിച്ച് നല്‍കുന്നതിന്റെ പേരില്‍ വലിയ അഭിനന്ദനമാണ് യൂത്ത് കോണ്‍ഗ്രസിനും ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസിനും ലഭിച്ചത്. മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളുടെ ഭാഗമാണ് ശ്രീനിവാസിനെ ചോദ്യം ചെയ്ത നടപടി. മനുഷ്യത്വ രഹിതമായ നടപടിക്കെതിരെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.