ജയ പരാജയങ്ങള്‍ നോക്കിയല്ല പാര്‍ട്ടിക്ക് വേണ്ടി അഭിമാനകരമായ പോരാട്ടം നടത്താനാണ് നേമത്തേക്ക് പോകുന്നത് എന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്. പദവികള്‍ മോഹിച്ച് പാര്‍ട്ടി നല്കുന്ന ദൗത്യങ്ങള്‍ ഏറ്റെടുക്കുന്ന ആളല്ല. മത്സരിക്കുന്നതിന് യാതൊരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ല എന്നും മുരളീധരന് പറഞ്ഞു.
വട്ടിയൂര്‍ക്കാവിലെ തന്റെ പ്രവര്‍ത്തനമാണ് നേമത്തേക്ക് പരിഗണിക്കാന്‍ കാരണമായതെന്നും മുരളീധരന് വ്യക്തമാക്കി. ‘നേമത്തിനോട് ചേര്‍ന്നുകിടക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. അവിടെ എട്ടുവര്‍ഷത്തെ നിയമസഭാ സാമാജികന് എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനം കൊണ്ടും നേമത്തെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന ആള് എന്നതുമാണ് നേമം എന്നെ ഏല്‍പിക്കാനുണ്ടായ കാരണമെന്നാണ് ഞാന്‍ കരുതുന്നത്’.
‘അക്രമ രാഷ്ട്രീയത്തിനെതിരെ വെല്ലുവിളിയുയര്‍ത്തിയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാര്‍ മത്സരിച്ചിരുന്നു. നാല്പേര് ജയിച്ചു. അത് എല്ലാപാര്‍ട്ടിക്കാരും ചെയ്യുന്നതാണ്. ഇത്തവണ വര്‍ഗ്ഗീയതയ്ക്ക് എതിരെയുള്ള പോരാട്ടമാണ്. നേമം ഒരിക്കലും ഒരു ഉറച്ച സീറ്റല്ല. വടകരയും യുഡിഎഫിന്റെ ഉറച്ച സീറ്റല്ല. ജനങ്ങള്‍ക്ക് കാര്യങ്ങളറിയാം’, കെ മുരളീധരന് പറഞ്ഞു.
ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതുകൊണ്ടാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ, ‘ആറ് സീറ്റുകളിലെ പ്രശ്നം 24 മണിക്കൂറു കൊണ്ട് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. അങ്ങനെ നോക്കുകയാണെങ്കില്‍, കുറ്റ്യാടി ഇപ്പോള്‍ സിപിഐഎം തിരിച്ചെടുക്കുമെന്ന് പറയുന്നു. കേഡര്‍ പാര്‍ട്ടിയില്‍ തന്നെ വ്യത്യാസം വന്നു. ഞങ്ങള്‍ക്കിതൊന്നും പുത്തരിയല്ല. ഞങ്ങള്‍ക്കിത് സ്ഥിരം പതിവാണ്’.
ലതികാ സുഭാഷിന്റെ മനോവിഷമം താന്‍ മനസിലാക്കുന്നുണ്ടെന്നും ഇതുപോലെ ഒരു പ്രതികരണം വേണ്ടിയിരുന്നില്ല എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രകടനങ്ങളും പോസ്റ്ററൊട്ടിക്കലുമൊക്കെ പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.