ജെബി മേത്തര്‍ എംപിക്കെതിരെ നിയമനടപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലേക്ക് കേണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ജെബി മേത്തര്‍ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരണമാണെന്നാണ് പരാതി. എന്നാല്‍ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാപ്പ് പറയാന്‍ തയ്യാറല്ലെന്നും ജെബി മേത്തര്‍ എംപി പ്രതികരിച്ചു.
മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധം നടത്തിയത്. നഗരസഭയുടെ പ്രധാന കവാടത്തിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് അവിടെ നിന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ഒരു പെട്ടിയുമായി കടന്നുവന്നത്.
‘കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ’ എന്ന പോസ്റ്റര്‍ ഒട്ടിച്ച പെട്ടിയുമായി അദ്ധ്യക്ഷ ജെബി മേത്തര്‍ എംപി എത്തിയത്. ഭര്‍ത്താവിന്റെ വീട് സുരക്ഷിതമാണെന്നും മേയര്‍ രാജിവെക്കുന്നത് വരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്നും ജെബി മേത്തര്‍ പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതോടെ ‘ഭര്‍ത്താവിന്റെ നാട് എന്ന നിലയ്ക്കല്ല ഉദ്ദേശിച്ചതെന്ന്’ എംപി വിശദീകരിച്ചു.
കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരാമര്‍ശവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ കോടതിയില്‍ പറയട്ടെയെന്നായിരുന്നു ആര്യാ രാജേന്ദ്രന്റെ പ്രതികരണം. ഒരു വനിതാ പ്രതിനിധിക്കെതിരെ പറയാന്‍ കഴിയുന്ന കാര്യമല്ല ജെബി മേത്തര്‍ എംപി പറഞ്ഞത്. നിയമ നടപടിയുടെ ഭാഗമായി അവര്‍ പരാമര്‍ശം തിരുത്തുന്നെങ്കില്‍ തിരുത്തട്ടെയെന്നും മേയര്‍ പ്രതികരിച്ചിരുന്നു.
പ്രസ്താവനയിലെ സ്ത്രീവിരുദ്ധത മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴും തിരുത്താന്‍ ജെബി മേത്തര്‍ എംപി തയ്യാറായിരുന്നില്ല. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ വീടാണ് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതം ആ അര്‍ത്ഥത്തിലാണ് താന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു എംപിയുടെ പ്രതികരണം.