ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ പ്രശ്നം ഇല്ലെന്നും എന്തു പറയുന്നു എന്നതിലാണ് കാര്യം എന്നും വെള്ളാപ്പള്ളി നടേശന്. സെമിനാറില്‍ തന്നെ ക്ഷണിച്ചിരുന്നെന്നും തിരക്ക് കാരണമാണ് തനിക്ക് പങ്കെടുക്കാന്‍ കഴിയാത്തതെന്നും എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ബില്ലിന്റെ കരട് വരുന്നതിന് മുന്നേ തമ്മിലടിക്കേണ്ടതുണ്ടോ? എന്നും വെള്ളാപ്പള്ളി നടേശന് ചോദിച്ചു.
എസ്എന്‍ഡിപി പ്രതിനിധിയായി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സെമിനാറില്‍ പങ്കെടുക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ സന്തോഷിനോട് താന്‍ ആണ് ആവശ്യപ്പെട്ടതെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിചേര്‍ത്തു. എസ്എന്‍ഡിപി പ്രതിനിധി ആയാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും സന്തോഷ് പറഞ്ഞു.
ഏക സിവില്‍ കോഡിനോട് അനുകൂല നിലപാടാണ് വെള്ളാപ്പള്ളി നടേശന്. ഏക സിവില്‍കോഡ് നടപ്പിലാക്കിയാല്‍ മുസ്ലീം സ്ത്രീകള്‍ നേരിടുന്ന വിവേചനം ഇല്ലാതാകും. മുസ്ലിം സമുദായത്തില്‍ ഒരു വിഭാഗം മാത്രമാണ് ഏക സിവില്‍കോഡിനെതിരെ രംഗത്തുള്ളതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.