പീരുമേട്: തോട്ടം മേഖലയിൽ ആവേശ തിരയിളക്കം സൃഷ്ടിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ പീരുമേട് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം. ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും തിലകക്കുറി അണിയിച്ചും തോട്ടം തൊഴിലാളികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പര്യടനം കടന്നു വന്ന വഴിയോരങ്ങളിൽ കൊടിതോരണങ്ങളും പ്ലക്കാർഡുകളും കൈയിലേന്തി പ്രായഭേദമന്യേ നൂറുകണക്കിനാളുകളാണ് കാത്തു നിന്നത്. സ്വീകരണ തിരക്കുകൾ മൂലം മണിക്കൂറുകൾ വൈകിയാണ് സ്ഥാനാർത്ഥി എത്തുന്ന തെങ്കിലും കനത്ത ചൂടിലും തളരാതെ ആവേശ പൂർവമാണ് ആളുകൾ കാത്തിരുന്നത് .
തൊഴിലാളികളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ സ്ഥാനാർത്ഥി അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. തോട്ടം മേഖലയിലെ ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നേടിയെടുക്കാൻ കൂടെ നിൽക്കുമെന്ന് സ്ഥാനാർത്ഥി തൊഴിലാളികൾക്ക് ഉറപ്പു നൽകി. യുവാക്കളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയാണ് ഒരോ സ്വീകരണ കേന്ദ്രങ്ങിലേയ്ക്കും സ്ഥാനാര്‍ത്ഥിയെ ആനയിച്ചത്. മുത്തുക്കുടയും വാദ്യമേളങ്ങളും സ്വീകരണ ചടങ്ങുകള്‍ക്ക് കൊഴുപ്പേകി.
ഓശാന ഞായറായ ഇന്നലെ രാവിലെ ഏലപ്പാറ സെന്റ് അൽഫോൻസ പള്ളിയിൽ നടന്ന തിരുക്കർമ്മങ്ങളിലും കുരുത്തോല പ്രദക്ഷിണത്തിലും പങ്കെടുത്ത ശേഷം ബോണക്കാട് എസ്റ്റേറ്റേറ്റിൽ നിന്നാണ് തെരഞ്ഞെടുപ്പ് പര്യടനം ആരംഭിക്കുന്നത്. മുൻ ഡി.സി.സി പ്രഡിഡന്റ് ജോയി തോമസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം.ടി തോമസ് , അലക്സ് കോഴിമല, സി.പി മാത്യു, മാർട്ടിൻ മാണി, രാരിച്ചൻ നീർണാകുന്നേൽ, എം. ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു കോലാഹലമേട്, വാഗമൺ, ഉപ്പുതറ, ഏലപ്പാറ, പാമ്പനാർ, പെരുവന്താനം മേഖലകളിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റു വാങ്ങി നാരകം പുഴയിൽ പര്യടനം സമാപിച്ചു