കോഴിക്കോട്: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതനായ അഡ്വ. ഷുക്കൂറിന്റെ വിവാഹത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. വ്യക്തി നിയമത്തെ എതിര്‍ക്കുന്നവര്‍ മതം ഉപേക്ഷിച്ച് പോകട്ടെയെന്നും ഷാജി വിമര്‍ശിച്ചു. വാഫി വഫിയ അലുമിനി അസോസിയേഷന് സംഘടിപ്പിച്ച ശില്പശാലയില് സംസാരിക്കുകയായിരുന്നു ഷാജി.
അതേസമയം വിഷയത്തില്‍ ലീഗ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സമസ്തയുടെ നിലപാട് അറിഞ്ഞ ശേഷം തീരുമാനം വ്യക്തമാക്കാനാണഅ ലീഗിന്റെ തീരുമാനം.
കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കാര്യാലയത്തില്‍ വെച്ചായിരുന്നു ഷുക്കൂറിന്റേയും ഷീന ഷുക്കൂറിന്റേയും വിവാഹം നടന്നത്. മുസ്ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ദമ്പതികള്‍ പെണ്മക്കളുടെ അവകാശ സംരക്ഷണത്തിനായാണ് വിവാഹിതരായത്. ദാമ്പത്യ ജീവിതം 29-ാം വര്‍ഷം പിന്നിട്ടതിനു ശേഷമാണ് ദമ്പതികള്‍ വീണ്ടും വിവാഹിതരായത്. പിന്നാലെ ഇരുവര്‍ക്കുമെതിരെ ഭീഷണി സന്ദേശം അടക്കം ലഭിച്ചിരുന്നു. തങ്ങളെ കായികമായി അക്രമിക്കുവാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ മറുപടി പറയേണ്ടിവരുമെന്ന നിലപാടിലാണ് ദമ്പതികള്‍. മത നിയമങ്ങളെ ഒന്നും അവഹേളിച്ചുകൊണ്ടല്ല പറയുന്നത് എന്നും ഒരു വിശ്വാസിയുടെയും ആത്മവീര്യം തകര്‍ക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും ഷുക്കൂര്‍ വ്യക്തമാക്കിയിരുന്നു.