ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന പുതിയ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്നു മണിപ്പുരിലെ തൗബാലില്‍ തുടക്കം.
രാജ്യത്തെ നടുക്കിയ മണിപ്പുര്‍ കലാപം ഒന്‍പതു മാസമായി തുടരുന്നതിനിടെയാണ് തൗബാലിലെ ഖോൻജോമിലെ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് രാഹുലിന്റെ സ്നേഹ, ന്യായ സന്ദേശ ബസ് യാത്ര ആരംഭിക്കുന്നത്.
ഇന്ത്യയിലെ ജനങ്ങളുടെ സമാധാനത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള യാത്രയാണിതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭരണഘടനയുടെ ആമുഖത്തിന്റെ അടിസ്ഥാനം ന്യായം ആണെന്നും അതിനാലാണ് പുതിയ യാത്രയ്ക്ക് ഭാരത് ജോഡോ ന്യായ് യാത്ര എന്നു പേരിട്ടതെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ഇംഫാലില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.