കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പേരില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനുപിന്നാലെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ തട്ടിപ്പുകേസില്‍ പ്രതിചേര്‍ത്തു. വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് മോന്സന് മാവുങ്കല്‍ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് സുധാകരനെ രണ്ടാംപ്രതിയാക്കിയത്. ബുധനാഴ്ച കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കി.
സുധാകരന്റെ പേരില്‍ വഞ്ചനാകുറ്റം ചുമത്തി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമുണ്ട്. മോന്‍സനാണ് ഒന്നാംപ്രതി. ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി യൂണിറ്റിലെ ഡിവൈ.എസ്.പി. വൈ.ആര്. റുസ്റ്റം ആണ് നോട്ടീസ് അയച്ചത്.