കോട്ടയം:: കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ചെയര്‍മാന്റെ താത്കാലിക ചുമതല പിജെ ജോസഫിന്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും വരെ വര്‍ക്കിംഗ് ചെയര്‍മാനാണ് താത്കാലിക ചുമതല നല്‍കേണ്ടതെന്നും ഇതനുസരിച്ചുള്ള സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്നും സംഘടനാ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം അറിയിച്ചു.
കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന പാര്‍ട്ടി ചെയര്മാന്, പാര്‍ട്ടി പാര്‍ലമെന്ററി ലീഡര്‍ സ്ഥാനങ്ങള്‍ സമയബന്ധിതമായി പുതിയ ആളുകളെ നിയോഗിക്കുമെന്നും ഇതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ജോയ് എബ്രഹാം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ചെയര്മാന് ലീഡര്‍ തര്‍ക്കം മുറുകി, സ്ഥാനമാങ്ങള്‍ ഒരുവിഭാഗത്തിന് മാത്രമാവില്ലന്ന് പി.ജെ
കെ.എം.മാണിയുടെ മരണം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ പുതിയ ചെയര്‍മാനെച്ചൊല്ലി പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമാണ്. പാര്‍ട്ടി വൈസ് ചെയര്മാന് ജോസ് കെ മാണിയെ ചെയര്മാന് ആക്കണമെന്ന ആവശ്യവുമായി ജോസ് കെ മാണി അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സീനിയോരിറ്റി അനുസരിച്ച് മുതിര്‍ന്ന നേതാവ് പി.ജെ.ജോസഫിനെ ചെയര്മാന് സ്ഥാനത്തേക്ക് നിയോഗിയ്ക്കണം എന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. ഒത്തു തീര്‍പ്പു ഫോര്‍മുലയുടെ ഭാഗമായി നിലവിലെ ഡപ്യൂട്ടി ചെയര്മാന് സി.എഫ്.തോമസ് ചെയര്മാന് സ്ഥാനത്തേക്ക് എത്താനും സാധ്യതയുണ്ട്. സി.എഫ് ചെയര്‍മാനായാല്‍ പിന്തുണയ്ക്കുമെന്ന് ജോസഫും വ്യക്തമാക്കിയിരുന്നു.
കേരള കോണ്‍ഗ്രസ് എം സംഘടിപ്പിയ്ക്കുന്ന കെഎം മാണി അനുസ്മരണ ചടങ്ങ് മെയ് 15 ബുധനാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിന് സമീപമുള്ള മന്നം മെമ്മോറിയല്‍ ഹാളില്‍ നടക്കും. മാണിയുടെ 41-ാം ചരമദിനം കഴിഞ്ഞാണ് അനുസ്മരണ സമ്മേളനം നടത്തുന്നതെന്നും ജോയ് എബ്രഹാം പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.