കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിലെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുറത്തെത്തുന്ന വിഷവസ്തുക്കള്‍ ഉണ്ടാക്കുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗുരുതരമാണ്. തീപിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന് ഇതുവരെ നിര്‍ണ്ണയിക്കാനായിട്ടില്ല.
മനുഷ്യന്റെ ശ്വസനവ്യവസ്ഥയേയും നാഡീവ്യൂഹത്തേയും ഭാവിതലമുറയേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായാക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. അര്‍ബുദം, ഹൃദ്രോഗം, ത്വക്ക്രോഗങ്ങള്‍, വന്ധ്യത, ആസ്തമ, ഗര്‍ഭസ്ഥശിശുക്കളില്‍ വൈകല്യം എന്നിവയ്ക്കും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് സമാനമായ സാഹചര്യമാണ് ബ്രഹ്മപുരം തീപിടുത്തവും.
ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ വകുപ്പും കൊച്ചി നഗരസഭയുമാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ബ്രഹ്മപുരം പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും സുധാകരന് പറഞ്ഞു.