കഴിക്കമ്പലം ട്വന്റി- ട്വന്റിയുമായി സഖ്യത്തിന് ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിഫോര്‍ പീപ്പിള്‍ പാര്‍ട്ടി. കിഴക്കമ്പലം ട്വന്റി-20, വണ്‍ ഇന്ത്യ വണ്‍ പെന്ഷന്, ചെല്ലാനം ട്വന്റി- ട്വന്റി പോലുള്ളവയും മറ്റുള്ള ചില പ്രസ്ഥാനങ്ങളുമായും ചര്‍ച്ചകള്‍ നടത്തി നിഷ്പക്ഷ വോട്ടുകള്‍ ഭിന്നിച്ച് പോകും വിധം പരസ്പരം മത്സരിക്കണമെന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് വിഫോര്‍ പാര്‍ട്ടി അറിയിച്ചു.
വിഫോര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ നിര്ത്തിയതിനെതിരേയും സംഘടന രംഗത്തെത്തി. ഇത്തരമൊരു നീക്കം പരമ്പരാഗത പാര്‍ട്ടികളെ സഹായിക്കാനുള്ള ശ്രമമാണെന്നും ഇതിന് ജനം മറുപടി കൊടുക്കുമെന്നും വിഫോര്‍ കൊച്ചി പറഞ്ഞു. എറണാകുളം, കൊച്ചി, തൃക്കാക്കര മണ്ഡലങ്ങളിലാണ് വിഫോര്‍ കേരളക്കും ട്വന്റി ട്വന്റിക്കും സ്ഥാനാര്‍ത്ഥികളുള്ളത്.
ഇരു സംഘടനകളും സഖ്യത്തിന് ശ്രമം നടത്തിയെന്നും പരാജയപ്പെടുകയായിരുന്നുവെന്നും നേരത്തെ വിഫോര്‍ നേതാവ് നിപുണ്‍ ചെറിയാന് തന്നെ അറിയിച്ചിരുന്നു. വി ഫോര്‍ കേരളയ്ക്ക് സാമ്പത്തികശേഷി ഇല്ലാത്തതിനാലാണ് ട്വന്റി ട്വന്റി സഖ്യത്തിന് തയ്യാറാകാത്തതെന്നായിരുന്നു നിപുന്റെ പ്രതികരണം.
ട്വന്റി ട്വന്റി എറണാകുളത്ത് എട്ട് സീറ്റുകളിലേക്കും വി ഫോര്‍ കേരള മൂന്ന് സീറ്റുകളിലേക്കുമാണ് മത്സരിക്കുക. തൃക്കാക്കര, കൊച്ചി, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് ഒടുവില്‍ ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.