ദില്ലി: കർണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് മൗനം വെടിഞ്ഞ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി പണം വാരിയെറിഞ്ഞ് സംസ്ഥാനസർക്കാരുകളെ താഴെ വീഴ്ത്തുകയാണെന്ന് രാഹുൽ പറഞ്ഞു. ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടതാണ്. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും രാഹുൽ പ്രതികരിച്ചു.
ഗോവയിലും കർണാടകത്തിലും ഇത്തരം അട്ടിമറികളുണ്ടാകുമെന്ന് നേരത്തേ കണ്ടറിയാൻ കഴിയാതിരുന്നതിൽ രാഹുൽ ഗാന്ധി നേതാക്കളെ ശാസിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പക്ഷേ പരസ്യമായ ഒരു പ്രതികരണത്തിന് അപ്പോഴും രാഹുൽ തയ്യാറായില്ല.
എംഎൽഎമാരെ മുംബൈയിലേക്ക് മാറ്റിയത് ബിജെപിയാണെന്ന് ആരോപിച്ച കോൺഗ്രസ് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. സോണിയാ ഗാന്ധിയുൾപ്പടെയുള്ള എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. ‘സേവ് ഡെമോക്രസി’ എന്നെഴുതിയ ബോർഡുകൾ പിടിച്ചായിരുന്നു പ്രതിഷേധം. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് ആനന്ദ് ശർമയുൾപ്പടെയുള്ളവർ വിഷയം രാജ്യസഭയിൽ ഉന്നയിക്കുകയും ചെയ്തു.