കൊച്ചി: മഹാരാജാസ് കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ മൊഴി അഗളി പോലീസ് രേഖപ്പെടുത്തി. കെ. വിദ്യ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനു വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പു നടത്താന്‍ ശ്രമിച്ചെന്നകേസിലാണ് പൊലിസെത്തിയത്. ആവശ്യമായ എല്ലാ രേഖകളും നല്‍കിയിട്ടുണ്ടെന്നും വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
കോളേജില്‍ ഉപയോഗിക്കുന്ന സീലും ഒപ്പും അല്ല സര്‍ട്ടിഫിക്കറ്റില്‍ വിദ്യ ഉപയോഗിച്ചിരിക്കുന്നതെന്നാണ് കോളേജ് വ്യക്തമാക്കുന്നത്. തീയതി അടക്കമുള്ള കാര്യങ്ങളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ തെറ്റുകളുണ്ടെന്നാണ് കേളേജ് അറിയിക്കുന്നത്. എന്നാല്‍, ഇത്രയും ദിവസമായിട്ടും വിദ്യയെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. വിദ്യ എവിടെ ഉണ്ട് എന്ന കാര്യം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ രേഖകള്‍ ശേഖരിച്ചുവെന്നും പരിശോധന നടത്തുന്നുണ്ടെന്നും അഗളി പോലീസ് വ്യക്തമാക്കി.
വ്യാജരേഖ ചമയ്ക്കല്‍ (വകുപ്പ് 465), വ്യാജരേഖ ഉപയോഗിച്ച് വഞ്ചനയ്ക്ക് ശ്രമിക്കല്‍ (വകുപ്പ് 471) എന്നിവ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണെന്നും മുതിര്‍ന്ന അഭിഭാഷകന് പി. വിജയഭാനുവഴി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 27 വയസ്സ് മാത്രമുള്ള അവിവാഹിതയായ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നത് നീതിനിഷേധമാകും. രാഷ്ട്രീയകാരണങ്ങളാലാണ് കേസ് രജിസ്റ്റര്ചെയ്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.